Quantcast

താൽക്കാലികമായി ദൗത്യം നിർത്തി ചന്ദ്രയാൻ-3; പ്ര​ഗ്യാൻ റോവർ ഇനി ഉറക്കത്തിലേക്ക്

ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യത്തിലാണ് നീക്കം.

MediaOne Logo

Web Desk

  • Updated:

    2023-09-02 18:14:45.0

Published:

2 Sep 2023 6:13 PM GMT

chandrayaan-3-pragyan-rover-put-into-sleep-mode
X

ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 താൽക്കാലികമായി ദൗത്യം നിർത്തി വച്ചു. പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ പ്രവർത്തനം നിലപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റി. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യത്തിലാണ് നീക്കം.

സൂര്യപ്രകാശം ഇല്ലെങ്കിൽ പേടകത്തിലെ സോളാർ പാനൽ ഉപയോ​ഗിച്ച് ഊർജം സംഭരിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കുക സാധ്യമല്ല. അതിനാലാണ് ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തുകയും റോവറിനെ സ്ലീപ്പിങ് മോഡിലേക്ക് കൊണ്ടുവരികയും ചെയ്തത്.

ഇതുവരെ ഇവ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്. നാളെ വൈകീട്ടോടെ ലാൻഡറിന്റെ പ്രവർത്തനവും നിലയ്ക്കും. അതേസമയം, റോവറിലെ ബാറ്ററി നിലവിൽ പൂർണമായും ചാർജ് ചെയ്ത നിലയിലാണ്.

സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില മൈനസ് 248 ഡി​ഗ്രി വരെയാകാം. ഏറെ തണുത്തുറഞ്ഞ അന്തരീക്ഷമായതിനാൽ ഈ ഉപകരണങ്ങൾ അതിജീവിക്കുമോ എന്നത് ആകാംക്ഷയാണ്.

ഇനി സൂര്യപ്രകാശം എത്തുമ്പോൾ വീണ്ടും ഉപകരണം പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. സെപ്തംബർ 22നാണ് ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തുക. സൂര്യപ്രകാശം വീണ്ടും പതിക്കുമ്പോൾ ലാൻഡറും റോവറും ഉണർന്നാൽ ഐഎസ്ആർഒക്ക് അത് വൻ നേട്ടമാകും. വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.



TAGS :

Next Story