Quantcast

'ശമ്പളം മുതൽ ഗ്യാസ് വില വരെ'; 2026 ജനുവരി ഒന്ന് മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ

പുതുവർഷത്തിന്റെ ആദ്യ ദിവസം മുതൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് പരിശോധിക്കാം

MediaOne Logo

Web Desk

  • Published:

    29 Dec 2025 4:08 PM IST

ശമ്പളം മുതൽ ഗ്യാസ് വില വരെ; 2026 ജനുവരി ഒന്ന് മുതൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ
X

ന്യൂഡൽഹി: ഒരു വർഷം കൂടി കടന്ന് പോകുമ്പോൾ എല്ലാവരും ഗംഭീരമായ പുതുവത്സരാഘോഷങ്ങൾക്കായി കാത്തിരിക്കുകയാണ്. പുതിയ തീരുമാനങ്ങളെടുത്തും ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തിയും വരാനിരിക്കുന്ന വർഷത്തെ പോസിറ്റീവായി കാണുന്ന ആളുകളാണ് അധികവും. ഈ പുതുവർഷം ശമ്പളം, ചെലവുകൾ, സമ്പാദ്യം എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാന വശങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതുവർഷത്തിന്റെ ആദ്യ ദിവസം മുതൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് പരിശോധിക്കാം:

എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കൽ

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന 2025 ഡിസംബർ 31 കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു പ്രധാന തീയതിയാണ്. എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കും. ഇതനുസരിച്ചുള്ള ശമ്പളവും പെൻഷനും പിന്നീട് വരുമെങ്കിലും ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.

ക്രെഡിറ്റ് സ്കോർ അപ്ഡേറ്റുകൾ

2025 ജനുവരി 1 മുതൽ ബാങ്കുകളും എൻ‌ബി‌എഫ്‌സികളും ഓരോ 14 ദിവസത്തിലും ഒരിക്കൽ ക്രെഡിറ്റ് ബ്യൂറോകൾക്ക് വിവരങ്ങൾ അയയ്ക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഉത്തരവിട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും പുതിയ വായ്പ ലഭിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.

ഗ്യാസ് സിലിണ്ടർ വിലകളിലെ മാറ്റങ്ങൾ

ജനുവരി 1 മുതൽ പാചക വാതക (എൽപിജി), വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ എന്നിവയുടെ വിലയിൽ മാറ്റം വരും. ഇതോടൊപ്പം വ്യോമയാന ഇന്ധന വിലയിലും മാറ്റം വരും. ഇത് വിമാന ടിക്കറ്റ് നിരക്കുകളെ ബാധിച്ചേക്കും.

പാൻ-ആധാർ ലിങ്കിംഗ്

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ജനുവരി 1 മുതൽ ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ, മറ്റ് ഇടപാടുകൾ എന്നിവ നടത്തുന്നതിന് ബുദ്ധിമുട്ടാകും. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരി ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും.

റേഷൻ കാർഡ് ഇ-കെവൈസി

ഡിസംബർ 31നകം നിങ്ങളുടെ റേഷൻ കാർഡിനുള്ള ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങൾക്ക് റേഷൻ ലഭിക്കുന്നത് നിർത്തിയേക്കും. സമയബന്ധിതമായി നടപ്പിലാക്കേണ്ട ഒരു പ്രധാന മാറ്റമാണിത്.

കർഷക ഐഡി

ഉത്തർപ്രദേശിലും മറ്റ് നിരവധി പ്രദേശങ്ങളിലും കർഷക ഐഡികൾ നിർമിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിന് കർഷകർക്ക് ഈ ഐഡി അത്യാവശ്യമാണ്. കർഷകർ ഈ ഐഡി എടുത്തില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽ ഫണ്ട് ലഭിക്കില്ല. കൂടാതെ ഈ പദ്ധതികളിൽ നിന്ന് പ്രയോജനം നേടാനും കഴിയില്ല.

TAGS :

Next Story