Quantcast

ഹൽദ്വാനിയിലെ കലാപബാധിതർക്ക് ധനസഹായം വിതരണം ചെയ്തു; ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവർമാരുള്ള സൽമാൻ ഖാന്റെ നേതൃത്വത്തിൽ ഹൈദരാബാദ് യൂത്ത് കറേജ് എന്ന പേരിൽ സന്നദ്ധ സംഘവും പ്രവർത്തിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-02-22 20:09:11.0

Published:

22 Feb 2024 3:56 PM GMT

ഹൽദ്വാനിയിലെ കലാപബാധിതർക്ക് ധനസഹായം വിതരണം ചെയ്തു; ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കലാപബാധിത പ്രദേശങ്ങളിൽ ധനസഹായം വിതരണം ചെയ്ത ജീവകാരുണ്യ പ്രവർത്തകൻ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ സൽമാൻ ഖാനെയാണ് ഹൽദ്വാനി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കലാപബാധിത പ്രദേശമായ വൻബുൽപുരയിൽ ഇദ്ദേഹം പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണു നടപടി. സൽമാനെ നേരത്തെ പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതിനുശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ഹൽദ്വാനി മേയർ ജോഗേന്ദർ സിങ് റൗട്ടേല അറിയിച്ചത്.

വർഷങ്ങളായി ചാരിറ്റി പ്രവർത്തനവുമായി സജീവമാണ് സൽമാൻ ഖാൻ. രോഗികൾ ഉൾപ്പെടെ അടിയന്തര സഹായം ആവശ്യമുള്ളവർക്കായി സോഷ്യൽ മീഡിയ വഴി കൂട്ട ധനസമാഹരണം നടത്തി പണം എത്തിച്ചുകൊടുക്കുന്നതാണു രീതി. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവർമാരുണ്ട് ഇദ്ദേഹത്തിന്. ഹൈദരാബാദ് യൂത്ത് കറേജ് എന്ന പേരിൽ ഒരു സന്നദ്ധ സംഘവും സൽമാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഹൽദ്വാനിയിലെ അക്രമസംഭവങ്ങൾക്കു പിന്നാലെ കലാപബാധിതർക്കു വേണ്ടി സൽമാൻ ഖാൻ സോഷ്യൽ മീഡിയയിലൂടെ ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഈ തുകയാണ് പ്രദേശത്ത് എത്തിച്ചുകൊടുത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ദിവസങ്ങളായി ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുറത്തുവിടുകയും ചെയ്തു. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് പൊലീസ് നടപടി.

സോഷ്യൽ മീഡിയയിലൂടെ പണപ്പിരിവ് നടത്തിയതിന് സൽമാൻ ഖാനെതിരെ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സ് അന്വേഷിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യംചെയ്യലിൽ ഇദ്ദേഹം ഇതേക്കുറിച്ച് വ്യക്തത നൽകിയിട്ടില്ലെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.

ഹൽദ്വാനിയിൽ ഫെബ്രുവരി എട്ടിനായിരുന്നു ആറുപേർ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ്പും തുടർസംഘർഷങ്ങളും അക്രമസംഭവങ്ങളെല്ലാം അരങ്ങേറിയത്. പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല സംഘർഷമെന്ന് വസ്തുതാന്വേഷണ റിപ്പോർ്ട്ട് പുറത്തുവന്നിരുിന്നു. വർഷങ്ങളായി ബി.ജെ.പി സർക്കാരും തീവ്ര ഹിന്ദുത്വ സംഘടനകളും നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കൽ നടപടികളുടെയും തുടർച്ചയാണ് ഫെബ്രുവരി 8ന് ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ നടന്ന അക്രമസംഭവമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് അഥവാ APCRഉം കാരവാനെ മൊഹബത്തും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. പൗരാവകാശ പ്രവർത്തകൻ സാഹിദ് ഖാദ്രിയും സംഘത്തിലുണ്ടായിരുന്നു.

വസ്തുതാന്വേഷണ സംഘം ഫെബ്രുവരി 14ന് ഹൽദ്വാനി സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രദേശവാസികൾ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അഭിഭാഷകർ, പേരുവെളിപ്പെടുത്താത്ത ഏതാനും പേർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തലുകൾ. മതന്യൂനപക്ഷങ്ങളെ ഒഴിവാക്കി ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ പുണ്യഭൂമിയാക്കി മാറ്റാനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നുണ്ട്. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വ്യാപാർ ജിഹാദ്, മസാർ ജിഹാദ് തുടങ്ങി മുസ്‌ലിംകൾക്കെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കിയ മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപടികളും, സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്‌കരണങ്ങൾ, കുടിയൊഴിപ്പിക്കൽ ഭീഷണികൾ എന്നിവയും വർഗീയ വിവേചനത്തിന് ആക്കം കൂട്ടി എന്നിവയെല്ലാം വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

Summary: Haldwani Police arrest Hyderabad based charity activist for distributing currency notes to riot-affected Muslim families

TAGS :

Next Story