Quantcast

പ്രണയം നിരസിച്ച ആൺസുഹൃത്തിന്റെ വിവാഹം മുടക്കാൻ 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി; സോഫ്റ്റ്‍ വെയര്‍ എൻജിനീയർ പിടിയിൽ

പിടിക്കപ്പെടില്ലെന്ന അമിത ആത്മ വിശ്വാസമുണ്ടായിരുന്നുവെങ്കിലും ചെറിയൊരു അശ്രദ്ധയാണ് യുവതിയെ കുടുക്കിയതെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    25 Jun 2025 3:28 PM IST

പ്രണയം നിരസിച്ച ആൺസുഹൃത്തിന്റെ വിവാഹം മുടക്കാൻ 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി; സോഫ്റ്റ്‍ വെയര്‍ എൻജിനീയർ പിടിയിൽ
X

അഹമ്മദാബാദ്: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ചെന്നൈ സ്വദേശിനിയായ യുവതി പിടിയിൽ. 30കാരിയായ റെനെ ജോഷിൻഡയെയാണ് അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രണയം നിരസിച്ച ആൺ സുഹൃത്ത് മറ്റൊരു വിവാഹം കഴിച്ചതിന്‍റെ പകയാണ് യുവതിയെ സാഹസത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സുഹൃത്തായ ദിവിജ് പ്രഭാകറിന്റെ വിവാഹം മുടക്കാനാനാണ് താനിത് ചെയ്തതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഈ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ളയുള്ള കാലയളവിലാണ് ഗുജറാത്ത്,കർണാടക, തമിഴ്‌നാട്,കേരളം,രാജസ്ഥാൻ,മഹാരാഷ്ട്ര തുടങ്ങി 11 സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ,ആശുപത്രികൾ,സ്റ്റേഡിയങ്ങൾ എന്നിവ ലക്ഷ്യമിട്ട് ദിവിജ് പ്രഭാകര എന്ന പേരിൽ റെനെ ജോഷിൻഡ ഒന്നിലധികം ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. മോട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബോപാലിലെ ദിവ്യ ജ്യോത് സ്‌കൂൾ, അസർവയിലെ ബിജെ മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് റെനെ അഹമ്മദാബാദിലേക്ക് മാത്രം 21 ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ജോലിസ്ഥലത്തെ പരിചയം കൊടും സൈബർ ക്രൈമിലേക്ക്

2022 ൽ ബെംഗളുരുവിലെ കോർപ്പറേറ്റ് മീറ്റപ്പിൽ വെച്ചാണ് റെനെ ജോഷിൻഡയും സുഹൃത്തായ ദിവിജ് പ്രഭാകരും കണ്ടുമുട്ടുന്നത്. ദിവിജിനെ വിവാഹം കഴിക്കാൻ റെനെ ആഗ്രഹിച്ചു. എന്നാൽ ദിവിജ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുകയും ഫെബ്രുവരിയിൽ അവരുടെ വിവാഹം നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവിജിനെ കുടുക്കാൻ റെനെ ആസൂത്രണം തുടങ്ങിയത്. വ്യാജ ഇമെയിൽ,സോഷ്യൽമീഡിയ അക്കൗണ്ടുകളുണ്ടാക്കി തന്റെയും ദിവിജിന്റെയും വിവാഹം കഴിഞ്ഞനെന്ന രീതിയിലുള്ള ഫോട്ടോ വ്യാജമായി സൃഷ്ടിക്കുകയും അത് സഹപ്രവർത്തകർക്ക് അയക്കുകയും ചെയ്തു. ദിവിജാണ് ഇത് ചെയ്തതെന്ന് വരുത്തിത്തീർക്കാൻ തന്റെ സ്വന്തം മെയിലിലേക്കും പ്രതി ഈ സന്ദേശം അയച്ചു. മറ്റൊരു സഹപ്രവർത്തകയാണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വ്യാജ ഭീഷണി സന്ദേശങ്ങള്‍ റെനെ ജോഷിന്‍ഡ അയച്ചു തുടങ്ങിയത്.

പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസം,പാളിയത് ഇവിടെ..

തന്റെ ലൊക്കേഷനും ഐഡന്റിയും മറക്കാനായി 80ലധികം വെർച്വൽ മൊബൈൽ നമ്പറുകൾ,ഡസൺ കണക്കിന് വ്യാജ ഇമെയിൽ ഐഡികൾ,വിപിഎൻ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. ഡാർക് വെബിന്റെ സഹായത്തോടെയായിരുന്നു ഭൂരിഭാഗം സന്ദേശങ്ങൾ അയച്ചത്. ആറുമാസം മുമ്പ് റെനെ ശരിയായ വിലാസവും ഉപയോഗിച്ച് ലോഗിൻ ചെയ്തിരുന്നു.ഇത് പ്രതിയുടെ ചെന്നൈയിലെ വീട്ടിലെ ഐപി അഡ്രസിലേക്കെത്താൻ പൊലീസിനെ സഹായിച്ചു.

താനൊരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. താൻ ഇരയാണെന്ന രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം. എന്നാൽ അവർക്ക് പറ്റിയ ചെറിയ സാങ്കേതിക പിഴവ് അവരെ കുടുക്കുകയായിരുന്നതായി അഹമ്മദാബാദ് സൈബർ സെല്ലിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.കേസിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുമെന്നും ഇതിനായി കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. വ്യക്തിപരമായ വൈരാഗ്യങ്ങൾ തീർക്കാൻ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലെ ആശങ്കയും പൊലീസ് പങ്കുവെച്ചു.

TAGS :

Next Story