ജഷ്പൂരിലെ വിമാനാപകട വാർത്തകൾ വ്യാജം; വ്യക്തതവരുത്തി ഛത്തീസ്ഗഢ് സർക്കാർ
മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ഉടൻ തന്നെ ജഷ്പൂർ കളക്ടർ രോഹിത് വ്യാസ്, എസ്എസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അപകടം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായില്ല

- Published:
20 April 2026 10:06 PM IST

Jashpur Collector Rohit VyasPhoto | ANI
റായ്പൂർ: ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ വിമാനം തകർന്നു വീണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ നാരായൺപൂർ മലനിരകളിൽ വിമാനാപകടം നടന്നതായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിച്ച റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ഉടൻ തന്നെ ജഷ്പൂർ കളക്ടർ രോഹിത് വ്യാസ്, എസ്എസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, അപകടം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും അവിടെ കണ്ടെത്താനായില്ല. മലനിരകളിലും വനപ്രദേശങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല.
സമീപത്തെ ഗ്രാമവാസികളുമായി അധികൃതർ സംസാരിച്ചു. വിമാനം തകരുന്നത് ആരും കണ്ടിട്ടില്ലെന്നും അസ്വാഭാവികമായ ശബ്ദങ്ങളോ സ്ഫോടന ശബ്ദമോ കേട്ടിട്ടില്ലെന്നും ഗ്രാമവാസികൾ വ്യക്തമാക്കി. വിമാനങ്ങളൊന്നും കാണാതായതായി ഇതുവരെ ഒരു ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കളക്ടർ രോഹിത് വ്യാസ് എഎൻഐയോട് പറഞ്ഞു. വിവിധ ഏജൻസികളുടെ സഹായത്തോടെയുള്ള വെരിഫിക്കേഷൻ നടപടികൾ തുടരുകയാണെങ്കിലും നിലവിൽ വിമാനാപകടം നടന്നതായി യാതൊരു സൂചനയുമില്ലെന്ന് ഭരണകൂടം അറിയിച്ചു.
Adjust Story Font
16
