Quantcast

ഫോൺ ഡാമിൽ വീണു; 21 ലക്ഷം ലിറ്റർ വെള്ളം അടിച്ചുവറ്റിച്ച് ഉദ്യോഗസ്ഥൻ

1,500 ഏക്കറോളം കൃഷിഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന ഡാമിലെ വെള്ളമാണ് അടിച്ചുകളഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-05-27 05:03:25.0

Published:

27 May 2023 4:42 AM GMT

Chhattisgarhofficial
X

റായ്പൂർ: അണക്കെട്ടിൽ വീണ മൊബൈൽ ഫോൺ കണ്ടെത്താനായി 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. ചത്തിസ്ഗഢിലെ കാങ്കർ ജില്ലയിലാണ് സംഭവം. കോയ്‌ലിബെഡ ബ്ലോക്ക് പഞ്ചായത്തിൽ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസ് ആണ് അണക്കെട്ടിലെ ജലം പമ്പ് ചെയ്ത് വറ്റിച്ചത്. സംഭവം ഏറെ വിവാദമായതോടെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

ദിവസങ്ങൾക്കുമുൻപാണ് ഒരു ലക്ഷത്തോളം വിലയുള്ള മൊബൈൽ ഫോൺ അബദ്ധത്തിൽ ഡാമിൽ വീണത്. ആദ്യം നാട്ടുകാർ വെള്ളത്തിൽ മുങ്ങിത്തപ്പിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. തുടർന്നാണ് മോട്ടോർ പമ്പുകൾ കൊണ്ടുവന്ന് ജലസംഭരണിയിലെ വെള്ളം പുറത്തേക്ക് അടിച്ചുവറ്റിക്കാൻ രാജേഷ് നിർദേശം നൽകിയത്. മൂന്നു ദിവസമെടുത്താണ് വെള്ളം പൂർണമായും അടിച്ചൊഴിവാക്കി അണക്കെട്ട് കാലിയാക്കാൻ നോക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച് വ്യാഴാഴ്ച വരെ തുടർച്ചയായി പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴിവാക്കുകയായിരുന്നു. ഒടുവിൽ, ജലഗതാഗത വകുപ്പിലെ ഉദ്യോസ്ഥർ ഇടപെട്ടാണ് ഇത് തടഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് കാങ്കർ ജില്ലാ കലക്ടർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു. 1,500 ഏക്കറോളം കൃഷിഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കേണ്ട വെള്ളമാണ് വെറുതെ അടിച്ചുകളഞ്ഞത്. അണക്കെട്ട് കാലിക്കുന്നത് ഉദ്യോഗസ്ഥർ തടഞ്ഞതോടെ ഫോൺ കണ്ടെത്താനുള്ള ശ്രമവും വിഫലമായി.

അതേസമയം, രാജേഷ് നടപടി ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട നിരവധി ഔദ്യോഗിക രേഖകൾ ഫോണിലുണ്ടെന്നാണ് വിശദീകരണമായി പറയുന്നത്. അണക്കെട്ട് വറ്റിക്കാൻ സബ് ഡിവിഷനൽ ഓഫിസർ വാക്കാൽ അനുമതി നൽകിയിരുന്നെന്നും ഇയാൾ അവകാശപ്പെട്ടു.

Summary: A government official in Chhattisgarh was suspended after he had 21 lakh litres water drained from a reservoir to recover his lost phone

TAGS :

Next Story