Quantcast

യു.പിയില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബി.ജെ.പി നേതാവിന്‍റെ വീട്ടില്‍ കണ്ടെത്തി

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന സംഘത്തിന്‍റെ ഭാഗമെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-08-29 13:56:53.0

Published:

29 Aug 2022 1:43 PM GMT

യു.പിയില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബി.ജെ.പി നേതാവിന്‍റെ വീട്ടില്‍ കണ്ടെത്തി
X

മഥുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബി.ജെ.പി നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഫിറോസാബാദിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

ബി.ജെ.പി കൌണ്‍സിലര്‍ വിനീത അഗർവാളും ഭർത്താവും 1.8 ലക്ഷം രൂപ നല്‍കി രണ്ട് ഡോക്ടര്‍മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയെന്നാണ് മൊഴി. ഈ ഡോക്ടര്‍മാര്‍ കുട്ടികളെ കിഡ്നാപ്പ് ചെയ്യുന്ന സംഘത്തിന്‍റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന് പറഞ്ഞാണ് വിനീത സംഘത്തെ സമീപിച്ചത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.

പ്ലാറ്റ്‌ഫോമിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കുമ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ ആളെ ഉൾപ്പെടെ 8 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ പൊലീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. ഡോക്ടർമാരിൽ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു.

"ദീപ് കുമാർ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഞങ്ങൾ കണ്ടെത്തി. ഹാഥ്റസില്‍ ആശുപത്രി നടത്തുന്ന രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തിന്റെ ഭാഗമാണ് ഇയാൾ. മറ്റ് ചില ആരോഗ്യ പ്രവർത്തകർക്കും പങ്കുണ്ട്. കുട്ടിയെ ഏതു വീട്ടില്‍ നിന്നാണോ കിട്ടിയത് ആ വീട്ടിലുള്ളവരെ ഞങ്ങള്‍ ചോദ്യംചെയ്തു. തങ്ങള്‍ക്ക് മകള്‍ മാത്രമേയുള്ളൂവെന്നും മകന്‍ വേണമെന്ന് തോന്നിയതിനാലാണ് കുഞ്ഞിനെ ഡോക്ടര്‍മാരില്‍ നിന്നും വാങ്ങിയതെന്നുമാണ് ദമ്പതികളുടെ മൊഴി"- പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ആഗസ്ത് 23നാണ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെയുമെടുത്ത് പ്ലാറ്റ്ഫോമിലൂടെ ഓടി ഒരാള്‍ ട്രെയിനില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

TAGS :

Next Story