Quantcast

നോട്ടുനിരോധനത്തെത്തുടർന്ന് വിലയില്ലാതായിപ്പോയ 65,000 രൂപയ്ക്കുപകരം ചിന്നക്കണ്ണിനെ തേടി പണമെത്തി

സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Nov 2021 3:53 AM GMT

നോട്ടുനിരോധനത്തെത്തുടർന്ന് വിലയില്ലാതായിപ്പോയ 65,000 രൂപയ്ക്കുപകരം ചിന്നക്കണ്ണിനെ തേടി പണമെത്തി
X

നോട്ടുനിരോധനത്തെത്തുടർന്ന് വിലയില്ലാതായിപ്പോയ 65,000 രൂപയ്ക്കുപകരം അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തി. കാഴ്ചശേഷിയില്ലാത്ത യാചകന് ഇത്രയും തുക സമ്മാനമായി നൽകിയത് ചെന്നൈ സ്വദേശിയാണ്. പത്രവാർത്തകൾ കണ്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എഴുപതുകാരൻ സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തിൽനിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നൽകിയത്. സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.

കൃഷ്ണഗിരി കളക്ടർ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി. കൃഷ്ണഗിരി ജില്ലയിലെ പാവക്കൽ ചിന്നഗൗണ്ടനൂർ ഗ്രാമത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന ചിന്നക്കണ്ണ് (70) നോട്ടുനിരോധനമറിഞ്ഞിരുന്നില്ല. വർഷങ്ങൾകൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് പഴയ 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ കഴിഞ്ഞമാസം കളക്ടറേറ്റിൽ സഹായമഭ്യർഥിച്ചെത്തിയപ്പോഴാണ് വാർത്തയായത്. നിസ്സഹായനായ ചിന്നക്കണ്ണിന്റെ ദുരിതകഥ വായിച്ച ചെന്നൈ സ്വദേശി അദ്ദേഹത്തിന് പണം നൽകാൻ തീരുമാനിക്കുകയായിരുന്നു.

''കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം പെട്ടെന്നൊരിക്കൽ നഷ്ടപ്പെട്ടാലുള്ള സ്ഥിതിയെന്താകും. ചിന്നക്കണ്ണിന്റെ വർഷങ്ങളുടെ അധ്വാനമാണ് വെറുതേയായത്. ആ വേദന എനിക്ക് മനസ്സിലാകും'' -പേരുവെളിപ്പെടുത്താത്ത ചെന്നൈ സ്വദേശി പറഞ്ഞു.

TAGS :

Next Story