Quantcast

എൻഡിഎക്ക് തലവേദനയായി ചിരാഗ് പാസ്വാൻ: 40 സീറ്റുകൾ വേണമെന്നാവശ്യം

കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ നേതൃത്വത്തിലുള്ള സംഘം അനുനയ നീക്കത്തിനായി ശ്രമിച്ചെങ്കിലും വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് എൽജെപി

MediaOne Logo

Web Desk

  • Updated:

    2025-10-07 14:53:11.0

Published:

7 Oct 2025 6:26 PM IST

എൻഡിഎക്ക് തലവേദനയായി ചിരാഗ് പാസ്വാൻ: 40 സീറ്റുകൾ വേണമെന്നാവശ്യം
X

ചിരാഗ് പസ്വാൻ Photo-PTI

പറ്റ്ന: ബിഹാറിൽ സീറ്റ് വിഭജനത്തിൽ സമവായത്തിലെത്താതെ എന്‍ഡിഎ സഖ്യം. 40 സീറ്റുകൾ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ലോക ജനശക്തി പാര്‍ട്ടി(റാം വിലാസ്) നോതവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ.

കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ നേതൃത്വത്തിലുള്ള സംഘം അനുനയ നീക്കത്തിനായി ശ്രമിച്ചെങ്കിലും വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് എൽജെപി. 205 സീറ്റുകള്‍ ബിജെപിയും ജെഡിയുവും പങ്കിടും. ബാക്കിയുള്ള 38 സീറ്റുകളാണ് എൽജിപി, എച്ച്എഎം(ഹിന്ദുസ്ഥാനി അവാം മോർച്ച) അടക്കമുള്ള പാർട്ടികൾക്ക് ലഭിക്കുക. മൂന്നു ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് എൻഡിഎയിൽ തിരക്കിട്ട നീക്കം.

ചിരാഗ് പാസ്വാനെ പിണക്കാതെ തന്നെയാണ് ബിജെപി മുന്നോട്ടുപോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് ലോക്‌സഭാ സീറ്റുകളുടെയും 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തന്റെ പാർട്ടിക്ക് സീറ്റുകള്‍ അനുവദിക്കണമെന്നാണ് പാസ്വാന്‍ ആവശ്യപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൽജെപിക്ക് 100 ശതമാനം സ്ട്രൈക്ക് റേറ്റാണ്. മത്സരിച്ച അഞ്ചു പേരും വിജയിച്ചിരുന്നു.

അതിനാല്‍ ഈ അഞ്ച്‌ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി കുറഞ്ഞത് രണ്ട് നിയമസഭാ സീറ്റുകളെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അതേസമയം തന്റെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനും മടിക്കില്ലെന്ന തരത്തിലെ അദ്ദേഹത്തിന്റെ പ്രസ്താവനയും ബിജെപിക്ക് വെല്ലുവിളിയാകുന്നുണ്ട്. നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14 ന് വോട്ടെണ്ണൽ നടക്കും.

TAGS :

Next Story