'ഇമ്രാന് ഖാൻ്റെ പ്രതിഷേധം അംഗീകരിക്കാനാവില്ല'; 'ലീവ് ഇന്ത്യ' നോട്ടീസിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്
സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണക്കുന്നുവെന്നും മുന് ബോളിവുഡ് നടന് കൂടിയായ മന്ത്രി പറഞ്ഞു

ന്യൂഡല്ഹി: ഒക്ടോബര് 28നകം രാജ്യം വിടാന് നടന് ഇമ്രാന് ഖാന് മുംബൈ പൊലീസ് നോട്ടീസ് നല്കിയതിനെ പിന്തുണച്ച് കേന്ദ്ര മന്ത്രിയും എല്ജെപി നേതാവുമായ ചിരാഗ് പാസ്വാന്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് വിദേശ പൗരന്മാര് ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും അതേസമയം, സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണക്കുന്നുവെന്നും മുന് ബോളിവുഡ് നടന് കൂടിയായ മന്ത്രി പറഞ്ഞു.
'ഇന്ത്യന് പൗരന്മാര്ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല് വിദേശ പൗരന്മാര് രാജ്യത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളില് പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില് വിദേശികള് ഇടപെടുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്' -ചിരാഗ് പാസ്വാന് പറഞ്ഞു.
യുഎസ് പൗരനും ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ (ഒസിഐ) കാര്ഡ് ഉടമയുമാണ് 43 കാരനായ ഇമ്രാന് ഖാന്. നടന് ആമിര് ഖാന്റെ സഹോദരപുത്രനാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില് നടന്ന പ്രതിഷേധത്തില് ബോളിവുഡ് താരം ഇമ്രാന് ഖാന് പങ്കെടുത്തതാണ് വിവാദമായത്.
മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനില് ഒക്ടോബര് 10നാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നടന്നത്. പ്രതിഷേധത്തില് പങ്കെടുത്തതിനെത്തുടര്ന്ന് ഇമ്രാന് ഖാനോട് ഒക്ടോബര് 28നകം ഇന്ത്യ വിടാന് വിദേശികളുടെ രജിസ്ട്രേഷന്റെ വിഭാഗമായ എഫ്ആര്ആര്ഒ നിര്ദേശിച്ചിരുന്നു.
അതേസമയം, നോട്ടീസിനെതിരെ ഇമ്രാന് ഖാന് ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കാരണങ്ങളോ തെളിവുകളോ നിയമലംഘനങ്ങളോ വ്യക്തമാക്കാതെയാണ് നോട്ടീസ് നല്കിയിരിക്കുന്നതെന്നും യാതൊരു അന്വേഷണവുമില്ലാതെയും പ്രതികരിക്കാന് അവസരം നല്കാതെയാണ് നടപടിയെടുത്തിരിക്കുന്നതെന്നും ഹരജിയില് പറയുന്നു. സമാധാനപരമായ പ്രതിഷേധത്തില് പങ്കെടുത്തത് നിയമലംഘനമാണോ എന്നതടക്കമുള്ള കാര്യങ്ങള് കോടതിയുടെ പരിഗണനയിലാണ്.
Adjust Story Font
16

