ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ
ഈ വർഷം അവസാനത്തിലാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്

ന്യൂഡൽഹി: ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായി ചിരാഗ് പാസ്വാൻ. ജനങ്ങൾ തനിക്കായി തീരുമാനിക്കുന്ന സീറ്റിൽ നിന്ന് ജനവിധി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ചിരാഗ് പാസ്വാൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച ചർച്ചകൾ സമീപകാലത്ത് ബിഹാറിൽ സജീവമായിരുന്നു.
''ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്നറിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 243 സീറ്റിൽ ഏതിലും മത്സരിക്കാൻ തയ്യാറാണ്. എനിക്ക് വേണ്ടിയല്ല, ബിഹാറിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. ഏത് സീറ്റിൽ മത്സരിക്കണമെന്ന തീരുമാനം ഞാൻ നിങ്ങൾക്ക് വിടുന്നു''- ആരയിൽ സംഘടിപ്പിച്ച റാലിയിൽ ചിരാഗ് പാസ്വാൻ പറഞ്ഞു.
ജനറൽ സീറ്റിൽ നിന്നാണ് താൻ മത്സരിക്കുക. അത് മുഖ്യമന്ത്രിയാകാനുള്ള നീക്കമായി കാണേണ്ടതില്ല. എൻഡിഎ മുന്നണിയെ സഹായിക്കാനും തന്റെ പാർട്ടിയുടെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താനും വേണ്ടിയാണ് മത്സരിക്കുന്നതെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി.
Adjust Story Font
16

