ബിഹാർ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽജെപി; ഉപമുഖ്യമന്ത്രി പദം ഉന്നമിട്ട് ചിരാഗ് പാസ്വാൻ
29 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപി 19 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ മുന്നേറ്റം. ബിഹാർ രാഷ്ട്രീയത്തിലെ അതികായകനായിരുന്ന രാംവിലാസ് പാസ്വാന്റെ മകനായ ചിരാഗ് പിതാവിന്റെ മരണത്തിന് പിന്നാലെ ബിഹാർ രാഷ്ട്രീയത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. പിതാവിന്റെ മരണവും പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പും ബിഹാർ രാഷ്ട്രീയത്തിൽ ഇടമുറപ്പിക്കുന്നതിൽ ചിരാഗിന് മുന്നിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.
എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചയിൽ ശക്തമായി സമ്മർദം ചെലുത്തിയാണ് ചിരാഗ് പാസ്വാൻ 29 സീറ്റുകൾ വാങ്ങിയത്. ഇതിൽ 19 സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്യുകയാണ്. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് എൽജെപിക്ക് വിജയിക്കാനായത്. നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൽജെപി ഒറ്റക്ക് മത്സരിക്കുകയായിരുന്നു. എൻഡിഎയുടെ ഭാഗമായിരുന്ന ജെഡിയു സ്ഥാനാർഥികൾക്ക് എതിരെയാണ് അന്ന് എൽജെപി പ്രധാനമായും മത്സരിച്ചത്. 130 സീറ്റിൽ മത്സരിച്ച എൽജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റിലും വിജയിക്കാനായത് ചിരാഗിന് കരുത്ത് പകരുന്ന നേട്ടമായിരുന്നു. എൻഡിഎ മുന്നണിയിൽ 29 സീറ്റ് ലഭിക്കാൻ വലിയ വിലപേശലാണ് ചിരാഗ് നടത്തിയത്. 20ൽ കൂടുതൽ സീറ്റുകൾ നൽകാനാവില്ല എന്ന നിലപാടിലായിരുന്നു ബിജെപി നേതൃത്വം. ഇതിനിടെ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയുമായി ചർച്ച നടത്തിയ ചിരാഗ് എൻഡിഎ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. തുടർന്നാണ് എൽജെപിക്ക് 29 സീറ്റ് നൽകാൻ എൻഡിഎ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ ചിരാഗ് എൻഡിഎ മുന്നണിയിൽ തന്റെ ആവശ്യങ്ങൾ ശക്തമാക്കുമെന്ന് ഉറപ്പാണ്. ഉപ മുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന് ചിരാഗ് തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയാവാൻ താത്പര്യമുണ്ടെങ്കിലും ഇപ്പോൾ ആ പദവിയിൽ ഒഴിവില്ല. തങ്ങളുടെ നേതാവ് ഉന്നത പദവിയിൽ എത്തണമെന്ന് അണികൾ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പിതാവ് രാംവിലാസ് പാസ്വാൻ പ്രധാനമന്ത്രിയാകണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു.
Adjust Story Font
16

