Quantcast

ഹോട്ടലിന് ചിരഞ്ജീവിയുടെ പേരിട്ടതിന് നോട്ടീസ്; വിശദീകരണവുമായി ഉടമ

ഹൈദരാബാദിലെ നല്ലഗണ്ടലയില്‍ പ്രവര്‍ത്തിക്കുന്ന 'ചിരഞ്ജീവി ദാബ'യുടെ ഉടമ രവി തേജിനാണ് നോട്ടീസ് ലഭിച്ചത്.

MediaOne Logo

Web Desk

  • Updated:

    2025-11-03 05:52:43.0

Published:

3 Nov 2025 11:20 AM IST

ഹോട്ടലിന് ചിരഞ്ജീവിയുടെ പേരിട്ടതിന് നോട്ടീസ്; വിശദീകരണവുമായി ഉടമ
X

ചിരഞ്ജീവി- ഹോട്ടലുടമ രവി തേജ്  Photo- Instagram/ Hydfoodlovers, PTI

ഹൈദരാബാദ്: ഹോട്ടലിന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ പേര് നല്‍കിയതിന് ഉടമക്ക് നോട്ടീസ്. താരത്തിന്റെ അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്നുകാണിച്ചാണ് നോട്ടീസ് ലഭിച്ചത്.

ഹൈദരാബാദിലെ നല്ലഗണ്ടലയില്‍ പ്രവര്‍ത്തിക്കുന്ന 'ചിരഞ്ജീവി ദാബ'യുടെ ഉടമ രവി തേജിനാണ് നോട്ടീസ് ലഭിച്ചത്. അതേസമയം താരത്തോടുള്ള ആരാധനകൊണ്ടാണ് പേരിട്ടതെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉടമ വിശദീകരിച്ചു. അദ്ദേഹത്തിന്റെ ടീമിനെ നേരില്‍ക്കണ്ട് കാര്യങ്ങളെല്ലാം വിശദീകരിച്ചെന്നും ഉദ്ദേശ്യശുദ്ധി മനസിലാക്കിയ അവര്‍ നിലവിലെ അവസ്ഥയില്‍ തന്നെ സ്ഥാപനം തുടരാന്‍ അനുവാദം നല്‍കിയെന്നും രവി തേജ് അവകാശപ്പെട്ടു.

'ലക്ഷക്കണക്കിന് ആരാധകരെപ്പോലെ ഞങ്ങളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കടുത്ത ആരാധകരാണ്. ഞങ്ങളുടെ ആരാധന പ്രകടിപ്പിക്കാനാണ് ഹോട്ടലിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്', രവി തേജ് വ്യക്തമാക്കി.

തന്റെ പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ ചിരഞ്ജീവി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ചിരഞ്ജീവിയുടെ ആവശ്യം അംഗീകരിച്ച ഹൈദരാബാദ് സിവില്‍ കോടതി, അനുമതിയില്ലാതെ ചിരഞ്ജീവിയുടെ വ്യക്തിത്വം ഉപയോഗിക്കുന്നതിനെതിനെതിരെ ഉത്തരവിറക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, ഹോട്ടലുടമയ്ക്ക് നോട്ടീസ് ലഭിച്ചത്. സമാനമായ ഉത്തരവ് 60ലധികം സ്ഥാപനങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചില വാണിജ്യ സ്ഥാപനങ്ങള്‍ അനധികൃതമായി തന്റെ ചിത്രം, ശബ്ദം, പേര് എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരായ നീക്കമാണ് കോടതിയെ സമീപിച്ചതെന്നുമാണ് നടനുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്.

എഐ ഉപയോഗിച്ച് വ്യാജ അശ്ലീല വീഡിയോ സൃഷ്ടിച്ച് പ്രചരിപ്പിച്ചെന്ന് പരാതിയുമായും നേരത്തെ ചിരഞ്ജീവി എത്തിയിരുന്നു. ഹൈദരാബാദ് സൈബർ പൊലീസിലാണ് പരാതി നൽകിയത്. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ഡീഫ് ഫേക്ക് വീഡിയോ സൃഷ്ടിച്ചെന്നും ഇത് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമം നടന്നതായും താരം പരാതിയിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story