Quantcast

'പുകക്കാന്‍ ഇനി കൂടുതല്‍ പണിയെടുക്കേണ്ടിവരും'; സിഗരറ്റിൻ്റെ വിലവര്‍ധന നാളെ മുതല്‍

സിഗരറ്റിൻ്റെ നീളത്തിനും ഫില്‍ട്ടര്‍ ഉണ്ടോയെന്നതിനും അനുസരിച്ചായിരിക്കും വിലവര്‍ധന

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-01-31 09:19:18.0

Published:

31 Jan 2026 1:44 PM IST

cigarette to get expensive from february 1
X

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം നടപ്പില്‍ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും വില കൂടും. സിഗരറ്റിൻ്റെ നീളത്തിനും ഫില്‍ട്ടര്‍ ഉണ്ടോയെന്നതിനും അനുസരിച്ചായിരിക്കും എക്‌സൈസ് നികുതി വര്‍ധന. 15 മുതല്‍ 30 ശതമാനം വരെ വിലവര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ 1,000 സിഗരറ്റിനും 2,050 മുതല്‍ 8,500 രൂപവരെ നികുതി ബാധകമാകും. 40 ശതമാനം ജിഎസ്ടിക്ക് പുറമേയാണിത്.

ഇത് പ്രകാരം 65 മില്ലിമീറ്റര്‍ വരെ നീളമുള്ള ഫില്‍ട്ടര്‍ ഇല്ലാത്ത സിഗരറ്റിന് ഒന്നിന് 2.05 രൂപ വരെ വര്‍ധിക്കും. ഫില്‍ട്ടര്‍ ഉള്ളതിന് 2.10 രൂപ വര്‍ധിക്കും. 65-70 മില്ലിമീറ്റര്‍ നീളമുള്ള സിഗരറ്റിന് 3.6 രൂപ മുതല്‍ 4 രൂപ വരെ വര്‍ധിക്കും. 70-75 മില്ലിമീറ്റര്‍ നീളമുള്ള സിഗരറ്റിന് ഒന്നിന് 5.4 രൂപയാണ് വര്‍ധിക്കുക. ഇതിന് മുകളിലുള്ളവയ്ക്ക് ഒന്നിന് 8.5രൂപ വെച്ച് വര്‍ധിക്കും.

പുകയില ഉല്‍പന്നങ്ങള്‍ക്ക് ഇതുവരെ ചുമത്തിയിരുന്ന താല്‍ക്കാലിക നികുതിക്ക് പകരമാണ് പുതിയ നികുതി കഴിഞ്ഞ ഡിസംബറില്‍ കൊണ്ടുവന്നത്. സിഗരറ്റിന്റെ ഉപയോഗം കുറയ്ക്കുക ലക്ഷ്യമിട്ട്, 75 ശതമാനം നികുതിയാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ജിഎസ്ടി കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, നാമമാത്രമായ രീതിയില്‍ എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാക്കിയാണ് ജിഎസ്ടി 40 ശതമാനമാക്കുന്നത്. ഒപ്പം എക്‌സൈസ് തീരുവയും വര്‍ധിപ്പിച്ചു. 2017ല്‍ ജിഎസ്ടി നടപ്പാക്കിയതു മുതല്‍ സിഗരറ്റിനു മേലുള്ള നികുതിയില്‍ മാറ്റം വരുത്തിയിരുന്നില്ല.

ഫെബ്രുവരി ഒന്ന് മുതല്‍ പാന്‍മസാല ഉള്‍പ്പെടെ മറ്റ് പുകയില ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കും. 40 ശതമാനം ജിഎസ്ടിയാണ് പാന്‍ മസാലയ്ക്ക് ചുമത്തിയത്. ഗുഡ്കയ്ക്ക് 91 ശതമാനം എക്‌സൈസ് തീരുവയുണ്ടാകും. അതേസമയം, പാന്‍മസാലക്ക് മേല്‍ ചുമത്തുന്ന ആകെ നികുതികള്‍ 88 ശതമാനമായി തുടരും.

TAGS :

Next Story