'ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് പരസ്പരം കലഹിച്ച് കെണിയിൽ വീഴരുത്'; ഇൻഡ്യാ സഖ്യത്തിന് മുന്നറിയിപ്പുമായി സിജെപി
വ്യത്യസ്ത സമരങ്ങളോട് വ്യത്യസ്ത രീതിയിൽ പെരുമാറുന്നതിലൂടെ, ഒരേ ലക്ഷ്യത്തിനുവേണ്ടി പോരാടുന്ന ജനങ്ങൾക്കിടയിൽ ബിജെപി സംശയവും അവിശ്വാസവും സൃഷ്ടിക്കുകയാണെന്നും ദീപ്കെ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി കനക്കുന്നതിനിടെ ഇൻഡ്യാ സഖ്യത്തിന് മുന്നറിയിപ്പുമായി സിജെപി. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് പരസ്പരം കലഹിച്ച് കെണിയിൽ വീഴരുതെന്നും ഗൂഢാലോചന സിദ്ധാന്തങ്ങൾ നമ്മളെ ഭിന്നിപ്പിക്കാൻ അനുവദിക്കരുതെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'സിജെപിക്ക് സമരം ചെയ്യാൻ അനുമതി ലഭിച്ചപ്പോൾ, ഞങ്ങൾ ബിജെപിയുടെ ആളുകളാണെന്ന തരത്തിലുള്ള ചില ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത്തരം സിദ്ധാന്തങ്ങളെ നമുക്കിടയിൽ ഭിന്നത കൊണ്ടുവരാൻ അനുവദിക്കരുത്. ഒക്ടോബർ പത്തിന് ഞങ്ങളും ഡൽഹി പൊലീസിന്‍റെ അടിച്ചമർത്തൽ നേരിടേണ്ടിവരികയുണ്ടായി. അതേസമയം, ഇൻഡ്യ സഖ്യത്തിന്‍റെ പ്രതിഷേധത്തിന് നേരെ നടപടിയുണ്ടായിരുന്നില്ല. ഒരേ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നവർക്കിടയിൽ കേന്ദ്രം സംശയവും അവിശ്വാസവും സൃഷ്ടിക്കുന്നു. ഇത്തരം ചതികളിൽ ദയവുചെയ്ത് ആരും വീണുപോകരുത്.' ദീപ്കെ വ്യക്തമാക്കി.
അതേസമയം, ഗ്യാനേഷിനെതിരെ ഇനി സമാന്തര പ്രതിഷേധങ്ങളില്ലെന്നും ഒറ്റക്കെട്ടായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. രാജ്യത്ത് ജനാധിപത്യം തകർന്നെന്നും മോദിയാണ് വോട്ട് ചോരിയുടെ ശിൽപ്പിയെന്നും അദ്ദേഹം പറഞ്ഞു. ഐസ ദേശീയ പ്രസിഡന്‍റ് നേഹ ബോറയുമായുള്ള പ്രസ്മീറ്റിലാണ് രാഹുലിന്‍റെ പ്രതികരണം.
ദീപ്കെയുടെ പോസ്റ്റ്
സിജെപിക്ക് സമരം ചെയ്യാൻ അനുമതി ലഭിച്ചപ്പോൾ, ഞങ്ങൾ ബിജെപിയുടെ ആളുകളാണെന്ന രീതിയിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ പലരും തിടുക്കം കൂട്ടി. ഇന്നലെ 'ഇൻഡ്യ' മുന്നണി വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും, ഒക്ടോബർ 10-ന് നമ്മൾ കണ്ടതുപോലെയുള്ള കടുത്ത അടിച്ചമർത്തലുകൾ അവിടെയുണ്ടായിരുന്നില്ല.
സർക്കാർ നമ്മെ പരസ്പരം തമ്മിലടിപ്പിക്കുന്നത് കൃത്യമായി ഇങ്ങനെയൊക്കെയാണ്. വ്യത്യസ്ത സമരങ്ങളോട് വ്യത്യസ്ത രീതിയിൽ പെരുമാറുന്നതിലൂടെ, ഒരേ ലക്ഷ്യത്തിനുവേണ്ടി പോരാടുന്ന ജനങ്ങൾക്കിടയിൽ അവർ സംശയവും അവിശ്വാസവും സൃഷ്ടിക്കുകയാണ്. ഈ തന്ത്രങ്ങൾ തിരിച്ചറിയണമെന്നാണ് എല്ലാവരോടുമുള്ള എന്റെ അഭ്യർത്ഥന. ഇന്ന് അവർ ഒരു സമരത്തിന് അനുമതി നൽകി. നാളെ മറ്റൊന്ന് അടിച്ചമർത്തിയേക്കാം; നാളെ ഇതിന്റെ സ്ഥിതി മാറിമറിഞ്ഞേക്കാം. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നതിന് പകരം നമ്മൾ പരസ്പരം സംശയിച്ചു കൊണ്ടിരിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.
ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നമ്മെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. നമ്മൾ ഒരുമിച്ച് നിൽക്കേണ്ട ഈ സമയത്ത് പരസ്പരം പോരടിക്കുന്ന കെണിയിൽ വീണുപോകരുത്. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്നവർക്കുമെതിരെയാണ് നമ്മുടെ പോരാട്ടം. ആ ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും കണ്ണെടുക്കരുത്.
Adjust Story Font
16

