Quantcast

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കൾ സമ്മാനമായി നൽകിയത് മഹീന്ദ്ര ഥാർ റോക്സ്; വിവാദം, വൈറലായി വീഡിയോ

മകരന്ദും ഭാര്യയും സ്കൂളിലേക്ക് വരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്

MediaOne Logo

Web Desk

  • Updated:

    2026-03-09 08:49:58.0

Published:

9 March 2026 2:16 PM IST

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കൾ സമ്മാനമായി നൽകിയത് മഹീന്ദ്ര ഥാർ റോക്സ്; വിവാദം, വൈറലായി വീഡിയോ
X

ഡൽഹി: പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയ മകന് മാതാപിതാക്കൾ മഹീന്ദ്ര ഥാർ റോക്സ് (Thar ROXX) സമ്മാനമായി നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് എത്തിയ മകന് പിതാവായ മകരന്ദ് തായഡെ ഒരു പുത്തൻ വെള്ള ഥാർ റോക്സ് നൽകുന്നതാണ് വീഡിയോയിലുള്ളത്. പരീക്ഷാ ഹാളിന് പുറത്ത് വെച്ച് മകന് കാറിന്‍റെ ചാവി കൈമാറുന്നത് വീഡിയോയിൽ കാണാം. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം.

മകരന്ദും ഭാര്യയും സ്കൂളിലേക്ക് വരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഇതേസമയം മഞ്ഞ ഷര്‍ട്ടും നീല പാന്‍റും ധരിച്ച വിദ്യാര്‍ഥികൾ പരീക്ഷ കഴിഞ്ഞതിന്‍റെ ആശ്വാസത്തിൽ പുറത്തേക്ക് ഇറങ്ങിവരുന്നത് കാണാം. മകരന്ദിന്‍റെ മകൻ അര്‍ണവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പരീക്ഷയെക്കുറിച്ച് മകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ മാതാപിതാക്കൾ മകനെ ചേര്‍ത്തുപിടിച്ച് നടന്നുനീങ്ങുകയാണ്. അവർ നടപ്പാതയിലെത്തിയപ്പോൾ റോഡരികിലേക്ക് വിരൽ ചൂണ്ടി 'അതാണ് നമ്മുടെ കാര്‍' എന്ന് വിളിച്ചുപറയുന്നത് കേൾക്കാം. അവിടെ തിളങ്ങുന്ന വെളുത്ത മഹീന്ദ്ര ഥാർ റോക്സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. അര്‍ണവ് സന്തോഷത്തോടെ ഓടിയെത്തി കാറിന് ചുറ്റും ഓടിനടന്ന് കാണുന്നുമുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറലായി.

നിരവധി പേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യയിലെ നിയമപ്രകാരം 18 വയസ് പൂർത്തിയാകാത്ത ഒരാൾക്ക് വാഹനം ഓടിക്കാൻ അനുവാദമില്ല. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് (ഏകദേശം 15-16 വയസ്സ്) ഒരു എസ്‌യുവി സമ്മാനിക്കുന്നത് പ്രായപൂർത്തിയാകാത്തവർക്കിടയിൽ വാഹനഭ്രമത്തിനും നിയമലംഘനത്തിനും കാരണമാകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഈ വിമർശനങ്ങളോട് മാതാപിതാക്കൾ പ്രതികരിച്ചിട്ടുണ്ട്. മകൻ പരീക്ഷ നന്നായി എഴുതിയതിനുള്ള ഒരു സമ്മാനം മാത്രമാണിതെന്നും, അവന് 18 വയസ് തികഞ്ഞ് ലൈസൻസ് ലഭിക്കുന്നത് വരെ മാതാപിതാക്കൾ മാത്രമേ വാഹനം ഓടിക്കൂ എന്നും അവർ വ്യക്തമാക്കി. മകൻ ഒരു യാത്രക്കാരൻ മാത്രമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story