'അമ്മേ, ഞാൻ മോഷ്ടിച്ചിട്ടില്ല'; കുർകുറെ പാക്കറ്റ് 'മോഷ്ടിച്ചു' എന്നാരോപിച്ചതിന് ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു
കൃഷേന്ദു ദാസ് എന്ന 12 വയസുകാരനാണ് ജീവനൊടുക്കിയത്

ബംഗാൾ: പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപൂർ ജില്ലയിൽ കടയുടമ ചിപ്‌സ് പാക്കറ്റ് 'മോഷ്ടിച്ചു' എന്ന വ്യാജാരോപണം ഉന്നയിച്ച് അപമാനിച്ചതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. കൃഷേന്ദു ദാസ് എന്ന 12 വയസുകാരനാണ് ജീവനൊടുക്കിയത്. കുടുംബം ഔദ്യോഗികമായി പരാതി നൽകിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് അസ്വാഭാവിക മരണത്തിന് അന്വേഷണം ആരംഭിച്ചു.
പലഹാരക്കട ഉടമയും പ്രാദേശിക പൗര സന്നദ്ധപ്രവർത്തകനുമായ ഷുവാങ്കർ ദീക്ഷിത് തന്റെ കടയിൽ നിന്ന് മൂന്ന് പാക്കറ്റ് ചിപ്‌സ് കാറ്റിൽ പറന്നുപോയപ്പോൾ സമീപത്തുണ്ടായിരുന്ന കൃഷേന്ദു അവ എടുത്തതായി ആരോപിച്ചു. വിദ്യാർഥിയെ ശകാരിക്കുകയും അവനിൽ നിന്ന് ₹15 ഈടാക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ അമ്മയും അവനെ ശാസിക്കുകയും അടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
അപമാനിതനായതിനെ തുടർന്ന് കൃഷേന്ദു കീടനാശിനി കഴിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഉടനെ തന്നെ തംലുക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും താമസിയാതെ മരണപെട്ടു. 'അമ്മേ, ഞാൻ മോഷ്ടിച്ചിട്ടില്ല' എന്ന് എഴുതിയ ഒരു കുറിപ്പ് കുട്ടി തന്റെ കൈവശം വച്ചിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞു.
'അമ്മേ, ഞാൻ കള്ളനല്ല, ഞാൻ മോഷ്ടിച്ചിട്ടില്ല. ഞാൻ കടയിൽ കാത്തിരിക്കുമ്പോൾ അങ്കിൾ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ചു പോകുമ്പോൾ, റോഡിൽ ഒരു കുർക്കുറെ പാക്കറ്റ് കണ്ടപ്പോൾ ഞാൻ അത് എടുത്തു. എനിക്ക് കുർക്കുറെ വളരെ ഇഷ്ടമാണ്. ഞാൻ ചെയ്തതിന് (കീടനാശിനി കഴിച്ചതിന്) ദയവായി എന്നോട് ക്ഷമിക്കൂ.' ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു.
Adjust Story Font
16