ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് അടിച്ചുകൊന്ന് ഓടയിൽ തള്ളി യുവാക്കൾ

കുട്ടിയുടെ സ്കൂൾ ബാ​ഗിന് ആറടി അപ്പുറത്ത് രക്തം പുരണ്ട കല്ലുകളും രക്തംപുരണ്ട കോട്ടൺ ടവലുകളും പൊലീസ് കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    28 April 2023 2:37 PM GMT

Class 8 Student Beaten To Death With Stones, Body Found In Drain In Delhi
X

ന്യൂഡൽഹി: എട്ടാം ക്ലാസ് വിദ്യാർഥിയെ കല്ലുകൾ കൊണ്ട് അടിച്ചുകൊന്ന് ഓടയിൽ തള്ളി. തെക്ക് കിഴക്കൻ ഡൽഹിയിലെ ബദർപൂർ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊലാർബന്ദ് ​ഗ്രാമത്തിലെ ബിലാസ്പൂർ ക്യാംപിൽ താമസിക്കുന്ന 12കാരനായ സൗരഭ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

രണ്ടം​ഗ സംഘമാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം. ഡൽഹി മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള താജ്പൂർ പഹാരിയിലെ സ്കൂളിലെ വിദ്യാർഥിയാണ് സൗരഭ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് രണ്ട് പേർ ചേർന്ന് ഒരു സ്കൂൾ വിദ്യാർഥിയെ കൊലപ്പെടുത്തിയെന്ന വിവരം ബദർപൂർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്.

'ഇതനുസരിച്ച് പൊലീസ് സംഘം ഖതുശ്യാം പാർക്കിനും താജ്പൂർ റോഡ് ഗ്രാമത്തിനും ഇടയിലുള്ള സ്ഥലത്തെത്തിയപ്പോഴാണ് സ്കൂൾ യൂണിഫോമിൽ കുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ കിടക്കുന്നത് കണ്ടെത്തിയത്. സമീപത്തു നിന്നും കുട്ടിയുടെ സ്കൂൾ ബാ​ഗും പാഠപുസ്തകങ്ങളും കണ്ടെത്തി. സ്കൂൾ ബാ​ഗിന് ആറടി അപ്പുറത്ത് രക്തം പുരണ്ട കല്ലുകളും രക്തംപുരണ്ട കോട്ടൺ ടവലുകളും കിടക്കുന്നതും കണ്ടു'- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു.

മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ, കുട്ടിയുടെ തലയിൽ മൂർച്ചയേറിയ വസ്തു കൊണ്ടുള്ള ആക്രമണത്തിൽ ഒന്നിലധികം പരിക്കുകൾ കണ്ടെത്തി. മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ ചോര പുരണ്ട കല്ലുകൾ കൊണ്ടാവാം കൃത്യം നടത്തിയതെന്നാണ് നി​ഗമനമെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസിലേക്ക് മാറ്റി. പ്രതികളെ പിടികൂടാനുള്ള നീക്കം ഊർജിതമാക്കിയതായും ഡിസിപി അറിയിച്ചു. സംഭവത്തിൽ ഐപിസി 302 (കൊലപാതകക്കുറ്റം) ചുമത്തി കേസെടുത്ത പൊലീസ്, പ്രതികളെ തിരിച്ചറിയാനും എന്താണ് നടന്നതെന്ന് മനസിലാക്കാനും സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഡി.സി.പി കൂട്ടിച്ചേർത്തു.

TAGS :

Next Story