Quantcast

ബാഗില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അരിവാളുപയോഗിച്ച് സഹപാഠിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി

തിരുനെൽവേലി എര്‍വാടിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    26 Sept 2025 10:58 AM IST

ബാഗില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അരിവാളുപയോഗിച്ച് സഹപാഠിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി
X

representative image

തിരുനെൽവേലി: തമിഴ്നനാട്ടിലെ തിരുനെൽവേലിയില്‍ ബാഗില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന അരിവാളുപയോഗിച്ച് സഹപാഠിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി. എര്‍വാടിയിലെ സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംഭവം നടന്നത്. ആണ്‍കുട്ടികള്‍ തമ്മില്‍ ബുധനാഴ്ച വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിന്‍റെ ഫലമായാണ് ഒരു കുട്ടി മറ്റൊരു കുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

അതേസമയം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിക്കാണ് പരിക്കേറ്റതെന്നും ആക്രമിച്ചത് ഉന്നതജാതിയില്‍പ്പെട്ട കുട്ടിയാണെന്നും പൊലീസ് പറയുന്നു. എന്നാല്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇതുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പുറകിൽ നിരവധി തുന്നലുകളുണ്ടെന്നും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാർഥിക്ക് നിസ്സാരമായി പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പ്രധാനാധ്യാപകന്റെ പതിവ് പരിശോധനയ്ക്ക് മുമ്പാണ് കുട്ടി സ്കൂള്‍ ബാഗില്‍ അരിവാള്‍ ഒളിപ്പിച്ച് ക്ലാസിലേക്ക് എത്തിയതെന്ന് വിദ്യാഭ്യാസ ഓഫീസർ എം. ശിവകുമാർ പറഞ്ഞു.

പരിക്കേറ്റ വിദ്യാർഥിയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടുവെന്നും മാതാവ് ഭിന്നശേഷിക്കാരിയുമാണെന്ന് അധ്യാപകര്‍ പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം, കുട്ടിയെ ഹോസ്റ്റലിലേക്ക് തിരിച്ചയച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. വെട്ടിപ്പരിക്കേല്‍പ്പിച്ച കുട്ടിയെ സ്കൂളില്‍ വെച്ച് ചോദ്യം ചെയ്തെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

വിദ്യാർഥികൾ തമ്മിലുള്ള സംഘർഷങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story