Quantcast

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്നും തന്‍റെ പ്രസംഗം ഒഴിവാക്കി; ആരോപണവുമായി അശോക് ഗെഹ്‍ലോട്ട്

നിങ്ങളുടെ ഓഫീസ് പരിപാടിയിൽ നിന്ന് എന്‍റെ മുൻകൂട്ടി നിശ്ചയിച്ച 3 മിനിറ്റ് പ്രസംഗം നീക്കം ചെയ്‌തു

MediaOne Logo

Web Desk

  • Published:

    27 July 2023 6:37 AM GMT

ashok gehlot modi
X

മോദി/അശോക് ഗെഹ്‍ലോട്ട്

ജയ്പൂര്‍: നരേന്ദ്ര മോദി പങ്കെടുക്കുന്ന രാജസ്ഥാനിലെ പരിപാടിയില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന തന്‍റെ പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് മോദിയുടെ സിക്കാര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഗെഹ്‍ലോട്ടിന്‍റെ മൂന്നു മിനിറ്റ് പ്രസംഗം നീക്കം ചെയ്തെന്നാണ് ആരോപണം. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പരിപാടിയിൽ ചേരാൻ രാജസ്ഥാൻ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് നിങ്ങൾ രാജസ്ഥാൻ സന്ദർശിക്കുകയാണ്. നിങ്ങളുടെ ഓഫീസ് പരിപാടിയിൽ നിന്ന് എന്‍റെ മുൻകൂട്ടി നിശ്ചയിച്ച 3 മിനിറ്റ് പ്രസംഗം നീക്കം ചെയ്‌തു. എനിക്ക് നിങ്ങളെ പ്രസംഗത്തിലൂടെ സ്വാഗതം ചെയ്യാൻ കഴിയില്ല, അതുകൊണ്ട് ഈ ട്വീറ്റിലൂടെ ഞാൻ നിങ്ങളെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു." ഗെഹ്‍ലോട്ട് ട്വീറ്റ് ചെയ്തു. "പ്രോട്ടോക്കോൾ അനുസരിച്ച്, നിങ്ങളെ യഥാവിധി ക്ഷണിക്കുകയും നിങ്ങളുടെ പ്രസംഗവും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, നിങ്ങൾക്ക് പരിപാടിയില്‍ എത്താന്‍ സാധിക്കില്ലെന്ന് താങ്കളുടെ ഓഫീസ് അറിയിച്ചു," പിഎംഒ ട്വീറ്റ് ചെയ്തു.

ജൂലെ 27,28 തിയതികളിലാണ് പ്രധാനമന്ത്രി,രാജസ്ഥാനും ഗുജറാത്തും സന്ദര്‍ശിക്കുന്നത്. സിക്കാറില്‍ വിവിധ വികസന പദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. തുടർന്ന് അദ്ദേഹം ഗുജറാത്തിലെ രാജ്‌കോട്ടിൽ എത്തിച്ചേരും . ഉച്ചകഴിഞ്ഞ് 3:15 ന് പ്രധാനമന്ത്രി രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കും. വൈകിട്ട് 4.15ന് രാജ്‌കോട്ടിലെ റേസ് കോഴ്‌സ് ഗ്രൗണ്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.28ന് രാവിലെ 10.30-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി സെമിക്കോൺ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യും.

TAGS :

Next Story