ജയ്‍സാൽമീറിൽ സമ്പൂർണ ബ്ലാക്ക് ഔട്ട്; കടകമ്പോളങ്ങൾ അഞ്ചുമണിയോടെ അടയ്ക്കണം
പാകിസ്താൻ നടത്തിയ ആക്രമണ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റ പശ്ചാത്തലത്തിൽ ജയ്‍സാൽമീറിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അഞ്ചുമണിയോടെ അടയ്ക്കാനും നിർദേശമുണ്ട്. ഡ്രോൺ ആക്രമണ സാധ്യത മുന്നിൽകണ്ടാണ് തീരുമാനം.
സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐഎംഎഫ് സഹായങ്ങൾ പാകിസ്താന് നൽകുന്നത് തടയാനുള്ള നീക്കവും ഇന്ത്യ തുടങ്ങി.
ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്താനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.
ജമ്മു, പഞ്ചാബ് ഉൾപ്പെടെ വിവിധ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. രാത്രി എട്ട് മണിയോടെ ആരംഭിച്ച ഡ്രോൺ ആക്രമണം s400 കവാജ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷത്തിൽ വച്ച് തന്നെ ഇന്ത്യ നിർവീര്യമാക്കി . പാകിസ്താന്റെ f16, jf17 യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം ഉപയോഗിച്ചാണ് തകര്‍ത്തതെന്നാണ് സേന വ്യക്തമാക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം പഞ്ചാബ് ,ജമ്മു കശ്മീർ അതിർത്തികളിൽ കൂടുതൽ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സേന തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പങ്കെടുത്തു. അതിനിടെ സാംബാ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

