കേന്ദ്രത്തിന്‍റെ വിലക്ക്; കോൺഗ്രസിന്‍റെ ഭാരത് ഉച്ചകോടിയിൽ 115 വിദേശ പ്രതിനിധികൾക്ക് പങ്കെടുക്കാനായില്ല
വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച 315 പ്രതിനിധികളിൽ 115 പേർക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് ശശി തരൂർ എംപി

- Updated:
2026-11-13 14:37:31

ഹൈദരാബാദ്: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തെലങ്കാന സർക്കാർ സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ 115 വിദേശ പ്രതിനിധികൾക്ക് ഇന്ത്യയിൽ പ്രവേശനവിലക്കേർപ്പെടുത്തിയെന്ന് ശശി തരൂർ എംപി. വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച 315 പ്രതിനിധികളിൽ 115 പേർക്കാണ് പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സ് പോസ്റ്റിലൂടെയാണ് തരൂരിന്‍റെ രൂക്ഷവിമർശനം.
വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതിയുണ്ടായിട്ടും ഇത്രയധികം പ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ചതിന്‍റെ നിയമപരമായ അടിസ്ഥാനമെന്താണെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളെത്തോടെ ഉച്ചകോടി അവസാനിക്കുമെന്നതിനാൽ തീരുമാനം തിരുത്താൻ പോലും കഴിയാത്ത സാഹചര്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. 'വിമർശനാത്മകമായ ശബ്ദങ്ങളെ ഭയപ്പെടുന്ന തരത്തിൽ ജനാധിപത്യം അരക്ഷിതാവസ്ഥയിലായിരിക്കുന്നു, ഇതെത്രത്തോളം ലജ്ജാകരം' എന്നായിരുന്നു തരൂരിന്റെ വിമർശനം.
നേരത്തെ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്സനും ഇന്ത്യയിലേക്കുള്ള യാത്ര തടഞ്ഞതായി ആരോപിച്ചിരുന്നു. വിസ ലഭിച്ചിരുന്നെങ്കിലും ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയിൽനിന്ന് അറിയിപ്പ് ലഭിച്ചെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് വിസ റദ്ദാക്കിയതെന്നും അവർ ആരോപിക്കുകയുണ്ടായി.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ശബ്ദങ്ങളെ രാജ്യത്തെത്തുന്നതിൽനിന്ന് തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നിരവധി വിദേശ പ്രഭാഷകർക്ക് പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ നവംബർ ഇന്നും നാളെയുമായാണ് ഭാരത് ഉച്ചകോടി നടക്കുന്നത്. 70ഓളം രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും നയതന്ത്രപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടക്കം ആയിരത്തോളം പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ആഗോള രാഷ്ട്രീയക്രമം, ജനാധിപത്യം, സാമൂഹിക,സാമ്പത്തിക നീതി, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, വിദേശനയം തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
Adjust Story Font
16
