Quantcast

കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്ന തിരക്കില്‍, ഞാന്‍ റോഡ് നിര്‍മിക്കുന്ന തിരക്കിലും: പ്രധാനമന്ത്രി

'അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കുന്നുവെന്ന് അവർക്കറിയില്ല'

MediaOne Logo

Web Desk

  • Updated:

    2023-03-12 11:01:32.0

Published:

12 March 2023 10:53 AM GMT

Congress Digging my Grave says Narandra Modi
X

Narandra Modi

ബെംഗളൂരു: കോണ്‍ഗ്രസ് തന്‍റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം താന്‍ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ നിര്‍മിക്കുന്ന തിരക്കിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. മാണ്ഡ്യ, ഹുബ്ബള്ളി - ധാർവാഡ് ജില്ലകളിലായി 16,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"മോദിയുടെ ശവക്കുഴി തോണ്ടുന്നത് കോൺഗ്രസ് സ്വപ്നം കാണുന്നു. പക്ഷെ അമ്മമാരുടെയും സഹോദരിമാരുടെയും രാജ്യത്തെ ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കുന്നുവെന്ന് അവർക്കറിയില്ല. ബെംഗളൂരു - മൈസൂർ എക്‌സ്‌പ്രസ് വേ നിർമിക്കാനും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള തിരക്കിലാണ് ഞാന്‍"- പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയരുന്നതിനിടെയാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഓള്‍ഡ് മൈസൂര്‍ മേഖലയിലെ ജില്ലകളില്‍ ഒന്നാണ് മാണ്ഡ്യ. ജെ.ഡി.എസിന്‍റെ ശക്തികേന്ദ്രമാണിത്. കോണ്‍ഗ്രസിനും ഇവിടെ സ്വാധീനമുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ബി.ജെ.പിക്ക് കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കോസ്റ്റല്‍ കര്‍ണാടക, മുംബൈ-കര്‍ണാടക മേഖലകളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ കൂടി സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജെ.ഡി.എസാണ് വിജയിച്ചത്. കെആർ പേട്ട് മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ വിജയിച്ച നാരായണ ഗൗഡ, 2019ൽ ബി.ജെ.പിയിലേക്ക് കൂറുമാറി. അതേവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് നാരായണ ഗൗഡ വിജയിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വോട്ടർമാരെ ആകർഷിക്കാനാണ് ബി.ജെ.പി നീക്കം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൂടുതല്‍ ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി പാളയത്തിലെത്തിക്കാനും നീക്കമുണ്ട്.


Summary- Prime Minister Narendra Modi said Congress is dreaming of digging his grave while he is busy in building Bengaluru-Mysuru Expressway and easing the lives of poor.

TAGS :

Next Story