Quantcast

'വോട്ട് കൊള്ള കൈയോടെ പിടികൂടിയതോടെ മോദി മൗനത്തിലാണ്'; രാഹുൽ ഹാന്ധി

ബിഹാറിലെ മോത്തിഹാരിയിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിന്‍റെ പരാമർശം

MediaOne Logo

Web Desk

  • Published:

    29 Aug 2025 11:05 AM IST

വോട്ട് കൊള്ള കൈയോടെ പിടികൂടിയതോടെ മോദി മൗനത്തിലാണ്; രാഹുൽ ഹാന്ധി
X

പറ്റ്ന: വോട്ടുകൊള്ള താൻ തെളിവ് സമേതം പുറത്തുകൊണ്ടുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധി. വോട്ടുമോഷണം പിടിക്കപ്പെട്ടതിനാൽ ഇനി രക്ഷപ്പെടാനാവില്ലെന്ന് പ്രധാനമന്ത്രി മനസിലാക്കിയെന്നും അതിനാലാണ് അദ്ദേഹം മൗനം പാലിക്കുന്നതെന്നും രാഹുൽ ​ ആരോപിച്ചു. ബിഹാറിലെ മോത്തിഹാരിയിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിന്‍റെ പരാമർശം. വോട്ടുകൊള്ള ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണെന്നും അത് താൻ അനുവദിച്ചുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ അദ്ദേഹത്തിന്റെ വോട്ടുകൊള്ള കൈയോടെ പിടിച്ചതിനാലാണ് അദ്ദേഹം മൗനം പാലിക്കുന്നത്. എന്നാൽ ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർത്തുകളഞ്ഞെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വോട്ടുകൊള്ളയെന്ന് പറയരുതെന്ന് ചില ബിജെപി എംപിമാർ തന്നോട് പറയുന്നുണ്ടെന്നും ഈ അമ്പ് തീർച്ചയായും ലക്ഷ്യത്തിലെത്തുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ഞാൻ ഏതുവിഷയത്തേയും ആഴത്തിൽ സമീപിക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബാം​ഗ്ലൂർ നോർത്ത് മണ്ഡലത്തിലെ മഹാദേവപുരയിൽ മാത്രമല്ല വോട്ടുമോഷണം നടന്നതെന്നും രാജ്യം മുഴുവൻ നടന്നിട്ടുണ്ടെന്നും ഞാൻ തെളിയിക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും മധ്യപ്രദേശിലുമെല്ലാമുള്ള നിയമസഭ തെര‍ഞ്ഞെടുപ്പുകളിൽ വോട്ടുകൊള്ള നടന്നു. അതിപ്പോൾ ബിഹാറിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് മോദി, രാഹുൽ ​ഗാന്ധി പറഞ്ഞു.

ആർജെഡി നേതാവ് തേജസ്വി യാദവും ബിജെപിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി. ബിജെപി കേവലം ആളുകളുടെ വോട്ടുമോഷ്ടിക്കുക മാത്രമല്ലെന്നും ഒബിസി,ഒഇസി, ദലിത്, ആദിവാസി തുടങ്ങിയ ആദിവാസി വിഭാ​ഗങ്ങളുടെ വ്യക്തിത്വം തന്നെ തുടച്ചുനീക്കുകയാണെന്നും തേജസ്വി യാദവ് ആരോപിച്ചു. ലാലു പ്രസാദ് യാദവിന്റെ മകനായതിൽ തനിക്ക് അഭിമാനമുണ്ടെന്നും ബിഹാറിൽ സാമൂഹിക ഉന്നമനത്തിന് തുടക്കം കുറിച്ചത് തന്റെ പിതാവാണെന്നും അദ്ദേഹം പറഞ്ഞു.

1990കൾക്ക് മുമ്പ് സംസ്ഥാനത്തെ പിന്നാക്ക വിഭാ​ഗക്കാരുടെ അവസ്ഥ വളരെ മോശമായിരുന്നു. എന്നാൽ ലാലുപ്രസാദ് അധികാരത്തിൽ വന്നതോടെ അവരോട് മോശമായി പെരുമാറാൻ ആരും ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ പിന്നോക്ക വിഭാ​ഗക്കാരിൽ നിന്നുപോലും മുഖ്യമന്ത്രിമാരുണ്ടാവുന്നു. നിതീഷ് കുമാർ മുഖ്യമന്ത്രിയായത് ലാലു പ്രസാദിന്റെ പ്രയത്നത്തിന്റെ ഭാ​ഗമായാണന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രാജവാഴ്ച കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങൾക്ക് രാജവാഴ്ച്ച വേണോ ജനാധിപത്യം വേണോയെന്നും തേജസ്വി ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ അവസാന തെരഞ്ഞെടുപ്പ് ആവുമെന്നും അദ്ദേഹം ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.

TAGS :

Next Story