Quantcast

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് സാനിറ്ററി പാഡ് വിതരണം; കോൺഗ്രസിനെതിരെ ബിജെപി

ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്നതാണ് പ്രിയദർശിനി ഉദാൻ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    4 July 2025 4:58 PM IST

Sanitary Pad
X

പറ്റ്ന: 'പാഡ്മാൻ' എന്ന ബോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാനിറ്ററി പാഡുകൾ വിതരണം ചെയ്തുകൊണ്ട് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള ബിഹാര്‍ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം വിവാദത്തിന് തിരികൊളുത്തി. ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്നതാണ് പ്രിയദർശിനി ഉദാൻ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

"രാഹുൽ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡിൽ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം! കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണ്! ബിഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും ഒരു പാഠം പഠിപ്പിക്കും," ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.

മഹിളാ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്ന് ബിഹാർ കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് കുമാർ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് അഞ്ച് ലക്ഷം സ്ത്രീകൾക്കെങ്കിലും സാനിറ്ററി പാഡുകൾ നൽകുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. "മയി-ബഹൻ മാൻ യോജന (അമ്മ-സഹോദരി ബഹുമാന പദ്ധതി), അഖിലേന്ത്യാ മഹിളാ കോൺഗ്രസ്" എന്ന വാചകം ആലേഖനം ചെയ്ത സാനിറ്ററി പാഡുകളുടെ ഒരു സാമ്പിൾ പായ്ക്ക് കുമാർ വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നിര്‍ധനരായ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകുമെന്നും അറിയിച്ചു.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് സംസാരിക്കവെ, കോടിക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കുമാർ ആരോപിച്ചു. സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വർഷം ഒക്ടോബറിലോ നവംബറിലോ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story