Quantcast

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു വെല്ലുവിളിയായി വിമതഭീഷണിയും പ്രതിപക്ഷ കക്ഷികളും

സമാജ്‌വാദി പാർട്ടി 28 സീറ്റുകളിലും ആംആദ്മി പാർട്ടി 69 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    24 Oct 2023 1:27 AM GMT

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു വെല്ലുവിളിയായി വിമതഭീഷണിയും പ്രതിപക്ഷ കക്ഷികളും
X

ഭോപ്പാല്‍: മധ്യപ്രദേശിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കാൻ എടുത്ത തീരുമാനവും പാർട്ടിക്കുള്ളിലെ വിമത സ്വരവും കോൺഗ്രസിന് ഭീഷണി ഉയർത്തുന്നു. സമാജ്‌വാദി പാർട്ടി 28 സീറ്റുകളിലും ആംആദ്മി പാർട്ടി 69 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണത്തുടർച്ചയ്ക്ക് വെല്ലുവിളിയായി ബി.ജെ.പിയും വിമതഭീഷണി നേരിടുന്നുണ്ട്.

നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസിൻ്റെ മധ്യപ്രദേശിലെ പോരാട്ടം. ആറ് സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കി നടത്തിയ സ്ഥാനാർഥി പ്രഖ്യാപനംണ് സംസ്ഥാനത്ത് കോൺഗ്രസിന് ഇപ്പോൾ തലവേദന ആയിരിക്കുന്നത്. വാരസിയോണിയില്‍നിന്നുള്ള എം.എൽ.എ പ്രദീപ് ജയ്സ്വാൾ, ദടിയയില്‍നിന്നുള്ള എം.എൽ.എ രാജേന്ദ്ര ഭാരതി എന്നിവർ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഈ മണ്ഡലങ്ങളിൽ ഉറച്ച വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

ഇതിനുപിന്നാലെയാണ് ഇൻഡ്യ മുന്നണിയിലെ പാർട്ടികളുടെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രവേശനം. മുന്നണിയില്ലാതെയാണ് കോൺഗ്രസ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അതേസമയം, 69 സീറ്റുകളിൽ മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജന നിർദേശങ്ങൾ തള്ളിയ കോൺഗ്രസിനെതിരെ 28 സീറ്റുകളിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടിയും അറിയിച്ചിട്ടുണ്ട്. എ.ഐ.എം.ഐ.എം, ശിവസേന ഉദ്ദവ് പക്ഷം, സി.പി.എം, സി.പി.ഐ എന്നീ പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭരണം നിലനിർത്താൻ കഷ്ടപ്പെടുന്ന ബി.ജെ.പിയിലും മധ്യപ്രദേശിൽ വിമത ഭീഷണി രൂക്ഷമാണ്. ബീരേന്ദ്ര രഘുവംശി, നാരായൺ ത്രിപാഠി, സർതജ് സിങ് എന്നീ എം.എൽ.എമാരും പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് ഭീഷണി ഉയർത്തിയിട്ടുണ്ട്. കോൺഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പി സംസ്ഥാനത്ത് നേരിടുന്ന വെല്ലുവിളി അല്പം വലുതാണ്. പാർട്ടി സംസ്ഥാന അധ്യക്ഷനു മുൻപിൽ വരെ ശക്തമായി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയ സാഹചര്യം ബി.ജെ.പി കേന്ദ്രനേതൃത്വം ഗൗരവമായിയാണു കാണുന്നത്.

Summary: The opposition parties' decision to contest alone and insurgency within the party pose a threat to the Congress in Madhya Pradesh

TAGS :

Next Story