Quantcast

മോദിയെ ചായ വിൽപനക്കാരനാക്കി കോൺഗ്രസിന്‍റെ എഐ വീഡിയോ; വിമര്‍ശനവുമായി ബിജെപി

ഒരു ആഗോള പരിപാടിയിൽ ചായ വിളമ്പുന്ന മോദിയാണ് വീഡിയോയിലുള്ളത്

MediaOne Logo

Web Desk

  • Published:

    3 Dec 2025 11:57 AM IST

മോദിയെ ചായ വിൽപനക്കാരനാക്കി കോൺഗ്രസിന്‍റെ എഐ വീഡിയോ; വിമര്‍ശനവുമായി ബിജെപി
X

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായ വിൽപനക്കാരനാക്കികൊണ്ടുള്ള കോൺഗ്രസിന്‍റെ എഐ വീഡിയോക്കെതിരെ ബിജെപി രംഗത്ത്. മുതിര്‍ന്ന കോൺഗ്രസ് നേതാവ് രാഗിണി നായക് ചൊവ്വാഴ്ച രാത്രി പങ്കുവച്ച പോസ്റ്റിലാണ് മോദിയെ 'ചായ് വാല'യാക്കി ചിത്രീകരിച്ചിരിക്കുന്നത്.

ഒരു ആഗോള പരിപാടിയിൽ ചായ വിളമ്പുന്ന മോദിയാണ് വീഡിയോയിലുള്ളത്. ഒരു കൈയിൽ കെറ്റിലും മറു കൈയിൽ ഗ്ലാസുകളുമായി റെഡ് കാര്‍പ്പെറ്റിലൂടെ നടക്കുകയാണ് പ്രധാനമന്ത്രി. ഇളം നീലനിറത്തിലുള്ള കോട്ടും കറുത്ത പാന്‍റുമാണ് മോദി ധരിച്ചിരിക്കുന്നത്. ചായ വേണോ എന്ന് ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേൾക്കാം. പ്രധാനമന്ത്രിയുടെ ലളിതമായ പശ്ചാത്തലത്തെ കളിയാക്കാനുള്ള ശ്രമമാണ് രാഗിണി നായകിന്റെ പോസ്റ്റെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

"രേണുക ചൗധരി പാർലമെന്‍റിനെയും സേനയെയും അപമാനിച്ചതിന് ശേഷം ഇപ്പോൾ രാഗിണി നായക് പ്രധാനമന്ത്രി മോദിയുടെ ചായ് വാല പശ്ചാത്തലത്തെ ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വന്ന ഒബിസി സമുദായത്തിൽ നിന്നുള്ള ഒരു കാംദാർ പ്രധാനമന്ത്രിയെ നാംദാർ കോൺഗ്രസിന് സഹിക്കാൻ കഴിയില്ല. മുമ്പും അവർ അദ്ദേഹത്തിന്റെ ചായ് വാല പശ്ചാത്തലത്തെ പരിഹസിച്ചിട്ടുണ്ട്. 150 തവണ അവർ അദ്ദേഹത്തെ അധിക്ഷേപിച്ചു. ബിഹാറിൽ അവർ അദ്ദേഹത്തിന്‍റെ അമ്മയെ അധിക്ഷേപിച്ചു. ആളുകൾ ഒരിക്കലും ഇവരോട് ക്ഷമിക്കില്ല" പൂനെവാല കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story