Quantcast

ഖാർഗെയും തരൂരും നേർക്കുനേർ; കോൺഗ്രസിൽ ഇനി അധ്യക്ഷപ്പോര്-നാമനിർദേശ പത്രികാ സൂക്ഷ്മപരിശോധന ഇന്ന്

ജാർഖണ്ഡ് മുൻ മന്ത്രി കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    1 Oct 2022 12:58 AM GMT

ഖാർഗെയും തരൂരും നേർക്കുനേർ; കോൺഗ്രസിൽ ഇനി അധ്യക്ഷപ്പോര്-നാമനിർദേശ പത്രികാ സൂക്ഷ്മപരിശോധന ഇന്ന്
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവർക്കു പുറമെ കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിരുന്നു. മത്സരം ഉറപ്പായ പശ്ചാത്തലത്തിൽ പരമാവധി വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് സ്ഥാനാർത്ഥികൾ.

ഇന്ന് എ.ഐ.സി.സി ആസ്ഥാനത്താണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മല്ലികാർജുൻ ഖാർഗെ 14 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ശശി തരൂർ അഞ്ചും കെ.എൻ ത്രിപാഠി ഒരു സെറ്റും പത്രികയും നൽകിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയാണ് ഖാർഗെയുടെ ബലം. ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയാണെന്ന സന്ദേശം പി.സി.സികളിൽ എത്തുന്നതോടെ, രാഹുൽ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങൾ ഖാർഗെയ്ക്കു പിന്തുണ നൽകുമെന്നുറപ്പാണ്.

എന്നാൽ, പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂർ മുന്നോട്ടുവയ്ക്കുന്നത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് മോഡൽ പ്രചാരണത്തിനാണ് തരൂർ ഒരുങ്ങുന്നത്. എല്ലാ തീരുമാനവും എടുക്കാൻ കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന രീതിമാറണമെന്ന് തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. അധികാര വികേന്ദ്രീകരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തരൂറിനെ ഞെട്ടിച്ചുകൊണ്ട് ജി23 നേതാക്കന്മാരും ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കൊപ്പം അശോക് ഗെഹ്ലോട്ട്, അംബിക സോണി, മുകുൾ വാസ്നിക്, മനു അഭിഷേക് സിങ്വി, ദിഗ്വിജയ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം ഖാർഗെയ്‌ക്കൊപ്പമുണ്ടാകും.

കേരളത്തിൽനിന്ന് ഉൾപ്പെടെ തരൂരിന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെ.എസ് ശബരീനാഥനാണ് സംസ്ഥാനത്തുനിന്ന് ആദ്യമായി തരൂറിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ്. മാത്യു കുഴൽനാടനും പിന്നീട് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിൽനിന്നടക്കം യുവാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് തരൂർ വാദിക്കുന്നത്. ജാർഖണ്ഡ് മുൻ മന്ത്രിയാണ് കെ.എൻ ത്രിപാഠി. ഇവിടെ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ്.

Summary: Scrutiny of the nomination papers for the Congress president election will be held today

TAGS :

Next Story