Quantcast

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; രാഹുൽ ഗാന്ധിക്ക് വോട്ട് ബെല്ലാരിയിൽ

ബെല്ലാരിയിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലാണ് രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രാസംഘവും വോട്ട് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    16 Oct 2022 3:54 PM GMT

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; രാഹുൽ ഗാന്ധിക്ക് വോട്ട് ബെല്ലാരിയിൽ
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാൽ നാളെ നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ട് ചെയ്യുന്നത് കർണാടകയിൽ. ബെല്ലാരിയിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലായിരിക്കും വോട്ടെടുപ്പ്. രാഹുൽ ഗാന്ധിക്കൊപ്പം യാത്രാസംഘത്തിലുള്ള 46 പേർക്കാണ് ഇവിടെ വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പായതിനാൽ നാളെ ഭാരത് ജോഡോ യാത്രയ്ക്ക് അവധിയാണ്. യാത്രികർക്ക് നാളെ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ദ്വിഗ്‌വിജയ് സിങ്, പവൻ ഖേര, ബി.എൻ ശ്രീനിവാസ് തുടങ്ങിയവരെല്ലാം നാളെ ബെല്ലാരിയിൽ വോട്ട് ചെയ്യുന്ന കൂട്ടത്തിലുണ്ട്. യാത്രാസംഘത്തിലുള്ള കെ.പി.സി.സി അംഗം അനിൽ ബോസിനും ബെല്ലാരിയിലാണ് വോട്ട്.

അതിനിടെ, തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേരിനുനേരെ ഒന്ന് എന്ന് എഴുതുന്നതു മാറ്റി ടിക്മാർക്ക് നൽകണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. ഇതാണ് അംഗീകരിച്ചത്. നമ്പറിനുപകരം ടിക്ക് നൽകിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രി അറിയിച്ചു.

വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് ഒന്ന് എന്നെഴുതണമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതി നിർദേശം നൽകിയിരുന്നത്. ഗുണന ചിഹ്നമോ ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ഒന്ന് എന്നെഴുതുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖാർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ളവരുടെ മേൽവിലാസം ലഭ്യമല്ലെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു

നാളെ രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. എ.ഐ.സി.സികളിലും പി.സി.സികളിലുമായി 67 ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഗാന്ധി കുടുംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഖാർഗയെ നേരിടാൻ തരൂരെത്തി. ഔദ്യോഗിക സ്ഥാനാർത്ഥിയല്ല മല്ലികാർജുൻ ഖാർഗെയെന്ന് നേതൃത്വം ആവർത്തിച്ചെങ്കിലും പാർട്ടി സംവിധാനങ്ങൾ മുഴുവനും അദ്ദേഹത്തിനു പിന്നിൽ തന്നെയാണ്.

Summary: Rahul Gandhi-led Bharat Jodo Yatra team will cast their votes in tomorrow's Congress presidential election, at a specially set-up booth in Bellari, Karnataka

TAGS :

Next Story