Quantcast

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സോണിയ എ.ഐ.സി.സി ആസ്ഥാനത്തും രാഹുല്‍ ബല്ലാരിയിലും വോട്ട് ചെയ്തു

രാജ്യത്തെ 68 പോളിംഗ് ബൂത്തുകളിലായി 9,308 പ്രതിനിധികളാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    17 Oct 2022 7:46 AM GMT

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സോണിയ എ.ഐ.സി.സി ആസ്ഥാനത്തും രാഹുല്‍ ബല്ലാരിയിലും വോട്ട് ചെയ്തു
X

ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. സോണിയാ ഗാന്ധി ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തും രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടക്കുന്ന കർണാടകയിലെ ബല്ലാരിയിലും വോട്ട് രേഖപ്പെടുത്തി. രാജ്യത്തെ 68 പോളിംഗ് ബൂത്തുകളിലായി 9,308 പ്രതിനിധികളാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്.

രാവിലെ 10 മണിക്ക് പോളിംഗ് ആരംഭിച്ചപ്പോൾ തന്നെ പി.ചിദംബരം ആണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലേക്ക് എത്തിയത്. പിന്നാലെ ജയറാം രമേശ്, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി മൻമോഹൻ സിംഗ് തുടങ്ങിയ നേതാക്കൾ എത്തി വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പടെ 75 പേരാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗൽ, അശോക് ഗെഹ്ലോട്ട് എന്നിവരും ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള പി.സി.സി അധ്യക്ഷന്മാരും അതാത് സംസ്ഥാനങ്ങളിലെ പി.സി.സി ആസ്ഥാനത്ത് ഉള്ള ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അപ്രഖ്യാപിത ഔദ്യോഗിക സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയ്ക്ക് ജന്മനാടായ കർണാടകയിൽ ആയിരുന്നു വോട്ട്.

രാഹുൽ ഗാന്ധിക്കും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ അംഗങ്ങളായ പ്രതിനിധികൾക്കും വോട്ട് രേഖപ്പെടുത്താൻ കർണാടകയിലെ ബെല്ലാരിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പോളിംഗ് ബൂത്ത് ഒരുക്കി. ഇതൊരു ചരിത്ര ദിനമാണ് എന്നും ജനാധിപത്യ രീതിയിൽ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരേ ഒരു രാഷ്ട്രീയ പാർട്ടി കോൺഗ്രസ് ആണെന്നും ജയറാം രമേശ് പറഞ്ഞു. വൈകീട്ട് നാല് മണി വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പ് സമിതി വിതരണം ചെയ്ത കോൺഗ്രസ് തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ഉള്ളവർക്ക് ആണ് വോട്ട് ചെയ്യാൻ അവസരം ലഭിക്കുക.

TAGS :

Next Story