വ്യാപാര കരാര്‍; 'മോദി ട്രംപിന് കീഴ്പ്പെട്ടു, സർക്കാർ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് വഴി'; വിമർശനവുമായി കോൺഗ്രസ്
ഇന്ത്യയ്ക്കെതിരായ പകരം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്

- Updated:
2026-02-03 03:11:23.0

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
സ്വന്തം സർക്കാരിന്റെ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്നും അദ്ദേഹം പരിഹസിച്ചു. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു.
'ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് ഒരു ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചു. മിസ്റ്റർ മോദി ഒടുവിൽ കീഴടങ്ങിയെന്നാണ് തോന്നുന്നത്'- ജയറാം രമേശ് എക്സില്‍ കുറിച്ചു.
ഇന്നലെ രാത്രിയാണ് ഇന്ത്യ - യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ പകരം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി അറിയിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു. അതേസമയം തീരുവ കുറച്ച അമേരിക്കൻ നടപടിയെ പ്രശംസിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. 'വ്യാപാര കരാർ' എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല.
Adjust Story Font
16
