Quantcast

'ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിത്തകര്‍ക്കും'; ഇന്ത്യ-പാക് മത്സരം പ്രദര്‍ശിപ്പിക്കുന്ന ഹോട്ടലുകൾക്കെതിരെ ഭീഷണിയുമായി ശിവസേന, ബഹിഷ്കരണഹ്വാനവുമായി കോൺഗ്രസും ആപ്പും

മത്സരം പ്രദര്‍ശിപ്പിക്കുന്ന ക്ലബ്ബുകളും റസ്റ്റോറന്‍റുകളും ബഹിഷ്കരിക്കാൻ ഭരദ്വാജ് ജനങ്ങളോട് അഭ്യര്‍ഥിച്ചു

MediaOne Logo

Web Desk

  • Published:

    14 Sept 2025 11:17 AM IST

ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിത്തകര്‍ക്കും; ഇന്ത്യ-പാക് മത്സരം പ്രദര്‍ശിപ്പിക്കുന്ന ഹോട്ടലുകൾക്കെതിരെ ഭീഷണിയുമായി ശിവസേന, ബഹിഷ്കരണഹ്വാനവുമായി കോൺഗ്രസും ആപ്പും
X

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം ഇന്ന് നടക്കാനിരിക്കെ പ്രതിഷേധങ്ങൾ അടങ്ങുന്നില്ല. മത്സരം ബഹിഷ്കരിക്കണമെന്ന് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന (യുബിടി) എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നതിൽ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

മത്സരം പ്രദര്‍ശിപ്പിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് മഹാരാഷ്ട്രയിലുടനീളമുള്ള ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സോളാപൂരിൽ നിന്നുള്ള ശിവസേന (യുബിടി) നേതാവ് ശരദ് കോലി . വീഡിയോയിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ക്രിക്കറ്റ് ബാറ്റ് പിടിച്ചുകൊണ്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട കോലി ദുബൈയിൽ നടക്കാനിരിക്കുന്ന മത്സരത്തെ "മഹാരാഷ്ട്രയിലെ സഹോദരിമാർക്കും രാജ്യത്തിനുമെതിരെ പാപങ്ങൾ ചെയ്ത പാകിസ്താൻ" ഉൾപ്പെടുന്ന ഒന്നായി വിശേഷിപ്പിച്ചു, ഹോട്ടലുടമകളോട് ഈ കളി കാണിക്കരുതെന്നും അഭ്യർഥിച്ചു.

"മഹാരാഷ്ട്രയിലെ എല്ലാ ഹോട്ടൽ ഉടമകളോടും ഞാൻ അഭ്യർഥിക്കുന്നു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുമാറ്റാൻ ശ്രമിച്ച പാകിസ്താന്‍റെ മത്സരം മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിലും പ്രദർശിപ്പിക്കരുത്. നിങ്ങൾ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ, ഈ മത്സരം നിങ്ങൾ സ്ട്രീം ചെയ്യില്ല," എന്ന് വീഡിയോയിൽ ഹോട്ടൽ ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ട് കോലി പറഞ്ഞു. "ഏതെങ്കിലും ഹോട്ടൽ ഉടമയോ നടത്തിപ്പുകാരോ ഇന്ത്യ-പാകിസ്താൻ മത്സരം കാണിച്ചാൽ, ഈ ബാറ്റ് ഉപയോഗിച്ച് ഞങ്ങൾ ആ ഹോട്ടൽ തകർക്കുമെന്ന് ഓർമയിൽ വയ്ക്കുക. ഹോട്ടൽ ഉടമയും ഡയറക്ടറും ഇതിന് ഉത്തരവാദികളായിരിക്കും" കോലി ഭീഷണി മുഴക്കി.

മത്സരം നടത്താൻ പാടില്ലെന്നും സുപ്രിം കോടതി ഇടപെടണമെന്നും കോൺഗ്രസ് നേതാവ് അജയ് റായ് ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി (എഎപി) മുൻ എംഎൽഎ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും അവരുടെ ഓഫീസിന് പുറത്ത് പാകിസ്താൻ ലേബലുള്ള ഒരു കോലം കത്തിച്ചു. മത്സരം പ്രദര്‍ശിപ്പിക്കുന്ന ക്ലബ്ബുകളും റസ്റ്റോറന്‍റുകളും ബഹിഷ്കരിക്കാൻ ഭരദ്വാജ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അതിർത്തികളിൽ ഇന്ത്യൻ സൈനികർ ജീവൻ ബലിയർപ്പിക്കുമ്പോൾ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ശനിയാഴ്ച പറഞ്ഞു, മഹാരാഷ്ട്രയിലുടനീളം പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു.ഞായറാഴ്ച നടക്കാനിരിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരം ബഹിഷ്‌കരിക്കുന്നത് തീവ്രവാദത്തിനെതിരായ നമ്മുടെ നിലപാട് ലോകത്തിന് മുന്നിൽ അറിയിക്കാനുള്ള അവസരമാണെന്ന് മുംബൈയിൽ ഒരു പത്രസമ്മേളനത്തിൽ താക്കറെ പറഞ്ഞു.

TAGS :

Next Story