Quantcast

'മോദി പറയാത്തത് പോലും തരൂർ കേൾക്കുന്നു'; പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ പവൻ ഖേഡ

തന്റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ അത്ഭുതമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് താൻ സംസാരിച്ചതെന്നും ശശി തരൂർ പറഞ്ഞു

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-06-21 06:05:57

Published:

21 Jun 2026 11:33 AM IST

മോദി പറയാത്തത് പോലും തരൂർ കേൾക്കുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ പവൻ ഖേഡ
X

ന്യൂഡൽഹി: മോദി സ്തുതിച്ച് കോൺ​ഗ്രസിന് പലതവണ തലവേദന സൃഷ്ടിച്ച നേതാവാണ് ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര പ്രാവീണ്യത്തെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇത്തവണ കോൺ​ഗ്രസ് നേതൃത്വം തരൂരിനെതിരെ ശക്തമായ പ്രതികരണമാണ് നടത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ, യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ ഇന്ത്യൻ സിവിലിയൻ നാവികരെ ആക്രമിക്കരുതെന്ന കാര്യം പ്രധാനമന്ത്രി മോദി ശക്തമായി ഉന്നയിച്ചുവെന്ന തരൂരിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

തരൂരിന്റെ ഈ പരാമർശത്തിനെതിരെ കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേഡ കടുത്ത പരിഹാസവുമായി രംഗത്തെത്തി. ശശി തരൂരിന് പ്രധാനമന്ത്രി മോദിയോടുള്ള ആരാധന ഭൗതിക ലോകത്തിന്റെ അതിരുകൾ ലംഘിച്ചിരിക്കുകയാണെന്നും, മോദി പറയാത്ത കാര്യങ്ങൾ പോലും കേൾക്കാൻ തരൂരിന് ഇപ്പോൾ സാധിക്കുന്നുണ്ടെന്നും പവൻ ഖേര പരിഹസിച്ചു. ജി-7 ഉച്ചകോടിയുടെ ഭാഗമായി നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ ഒമാൻ ഉൾക്കടലിൽ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെക്കുറിച്ചോ, മറ്റ് സുപ്രധാന വിഷയങ്ങളെക്കുറിച്ചോ യാതൊരു പരാമർശവുമില്ലെന്ന് ഖേഡ ചൂണ്ടിക്കാട്ടി.

എന്നാൽ, തന്റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ അത്ഭുതമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് താൻ സംസാരിച്ചതെന്നും, ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക രാഷ്ട്രീയത്തിനതീതമായി നമ്മെ ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അതേസമയം, വിദേശനയങ്ങളിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകളെ തള്ളുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്ന് ആരോപിച്ച് ബി.ജെ.പി കോൺഗ്രസിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

TAGS :

Next Story