Quantcast

ഒരുമിച്ചുനിന്നാൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തും; ഹൈക്കമാന്റിനെ അനുസരിക്കണം: അശോക് ഗെഹ്‌ലോട്ട്

വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസുകളിൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഈ മാസം അവസാനത്തോടെ സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    25 May 2023 6:14 AM GMT

congress will be victorious in Rajasthan if stand with unity
X

ജയ്പൂർ: ഒരുമിച്ചുനിന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എതിർശബ്ദം ഉയർത്തുന്ന സച്ചിൻ പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച ഗെഹ്‌ലോട്ട് എല്ലാവരും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കണമെന്നും പറഞ്ഞു.

ഈ മാസം അവസാനത്തോടെ താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സച്ചിൻ പൈലറ്റ് മെയ് 15-ന് പ്രഖ്യാപിച്ചിരുന്നു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസുകളിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് സച്ചിൻ ആവശ്യപ്പെടുന്നത്.

ചില നേതാക്കൾ സ്വന്തം പാർട്ടിക്ക് അന്ത്യശാസനം നൽകിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാം മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം. അതിലൊന്നും തങ്ങൾ വിശ്വസിക്കുന്നില്ല. കോൺഗ്രസ് ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് വൻ വിജയത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച് ഡൽഹിയിൽ ചർച്ചകൾ നടന്നതായി ഗെഹ്‌ലോട്ട് സമ്മതിച്ചു. ചർച്ചകളിൽ എല്ലാവർക്കും നിർദേശങ്ങൾ സമർപ്പിക്കാം. അതിന് ശേഷം പാർട്ടി പ്രസിഡന്റ് ഒരു തീരുമാനമെടുത്താൻ അത് അംഗീകരിച്ച് പ്രവർത്തനങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു.

പണം നൽകി സർക്കാർ രൂപീകരിക്കാനാവില്ലെന്ന പാഠമാണ് കർണാടകയിലെ ജനങ്ങൾ ബി.ജെ.പിയെ പഠിപ്പിച്ചതെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. ഈ വഴി നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story