Quantcast

'മുഴുവൻ മണ്ഡലങ്ങളിലും ഞാനാണ് സ്ഥാനാർഥി എന്ന് കരുതി വോട്ട് ചെയ്യണം'; വോട്ടർമാരോട് മമത ബാനർജി

സ്ഥാനാർഥികളിലല്ല, തന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു

MediaOne Logo
മുഴുവൻ മണ്ഡലങ്ങളിലും ഞാനാണ് സ്ഥാനാർഥി എന്ന് കരുതി വോട്ട് ചെയ്യണം; വോട്ടർമാരോട് മമത ബാനർജി
X

കൊൽക്കത്ത: സംസ്ഥാനത്തെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലേയും സ്ഥാനാർഥി താനാണെന്ന് കരുതി ടിഎംസിക്ക് വോട്ട് ചെയ്യണമെന്ന് തൃണമൂൽകോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായി മമത ബാനർജി. പശ്ചിമ മെദിനിപ്പൂരിലെ ചന്ദ്രകോണയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മമതയുടെ ആഹ്വാനം. സ്ഥാനാർഥികളിലല്ല, തന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.

സുവേന്ദു അധികാരി ഭവാനിപൂരിലും നന്ദിഗ്രാമിലും പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് മമതയുടെ തീരുമാനം. ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായി രണ്ട് ഘട്ടമായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തുന്നുണ്ടെന്ന് മമത റാലിയിൽ ആരോപിച്ചു. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് ആക്ഷേപം ഉന്നയിച്ചതുൾപ്പടെ മമത റാലിയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച മമത, ജനങ്ങളുടെ പൗരത്വവും ജനാധിപത്യ അവകാശങ്ങളും തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിന്റെ സംസ്‌കാരത്തിന് മേൽ കടന്നുകയറ്റം ഉണ്ടാകുമെന്നും മമത മുന്നറിയിപ്പ് നൽകി. ബിജെപി അധികാരത്തിൽ വന്നാൽ സസ്യേതര ഭക്ഷണങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമിക്കുമെന്നും മമത ബാനർജി പറഞ്ഞു.

ഉത്തർപ്രദേശ്, ബിഹാറിൽ നിന്നുള്ളവരെ അനധികൃതമായി വോട്ടർപട്ടികയിൽ ചേർത്ത് ബംഗാളിലെ ജനസംഖ്യാ ഘടന അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ആരോപിച്ചരുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള 'ഫോം 6' അപേക്ഷകൾ വൻതോതിൽ നിയമവിരുദ്ധമായി സമർപ്പിക്കപ്പെടുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം. ഏഴ് മണിക്കൂറിനുള്ളിൽ 30,000-ത്തോളം ഫോം 6 അപേക്ഷകൾ സിഇഒ ഓഫീസിൽ ലഭിച്ചതായും അഭിഷേക് ബാനർജി പറഞ്ഞു. ഒരാൾക്ക് പരമാവധി 50 അപേക്ഷകൾ മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ, ഒരു ബിജെപി നേതാവിന്റെ പ്രതിനിധി ചാക്കുകളിലാക്കി അപേക്ഷകൾ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സുപ്രിംകോടതി നിർദേശങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട ടിഎംസി സംഘം അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്തും നൽകിയിട്ടുണ്ട്. സിഇഒ ഓഫീസിലെ 24 മണിക്കൂർ സിസിടിവി ദൃശ്യങ്ങൾ പരസ്യപ്പെടുത്തണം, ലഭിച്ചതും സ്വീകരിച്ചതുമായ ഫോം 6 അപേക്ഷകളുടെ പൂർണ വിവരങ്ങൾ വെളിപ്പെടുത്തണം, നിയമവിരുദ്ധമായും കൂട്ടായും സമർപ്പിച്ച അപേക്ഷകൾ ഉടനടി റദ്ദാക്കണം, ആരുടെ നിർദേശപ്രകാരമാണ് ഈ അപേക്ഷകൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കുക, സിഇഒ ഓഫീസിന് ഇത്തരം അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ അധികാരമില്ലെന്നിരിക്കെ എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കുക. ടിഎംസി സംഘം സമർപ്പിച്ച കത്തിലെ അഞ്ചിന ആവശ്യങ്ങൾ ഇവയാണ്.

TAGS :

Next Story