'പറഞ്ഞ വിലയില്‍ വില്‍ക്കണം'; സ്വിഗ്ഗി 'കോസ്റ്റ് ഫോര്‍ ടു' വിലയില്‍ ക്രമക്കേട്, 300 രൂപ അധികം ഈടാക്കിയതിന് ലക്ഷം രൂപ നഷ്ടപരിഹാരം
പ്രവീണ്‍ കുമാര്‍ സിങ് എന്നയാള്‍ 2024 ഏപ്രില്‍ ഏഴിനാണ് സ്വിഗ്ഗി ഡൈന്‍ഔട്ട് വഴി തെമിസ് ബാര്‍ബിക്യൂ ഹൗസില്‍ ടേബിള്‍ ബുക്ക് ചെയ്തത്

ന്യൂഡല്‍ഹി: സ്വിഗ്ഗി ഡൈന്‍ഔട്ട് പ്ലാറ്റ്ഫോമില്‍ റെസ്റ്ററന്റിലെ രണ്ടുപേര്‍ക്കുള്ള ഭക്ഷണത്തിന്റെ നിരക്ക് (കോസ്റ്റ് ഫോര്‍ ടു) തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സ്വിഗ്ഗിയും ഡല്‍ഹിയിലെ തെമിസ് ബാര്‍ബിക്യൂ ഹൗസും ചേര്‍ന്ന് പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഡല്‍ഹി നോര്‍ത്ത് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഇരുകൂട്ടരും സേവനത്തില്‍ വീഴ്ചവരുത്തിയെന്നും തെറ്റായ വ്യാപാര രീതി നടപ്പാക്കിയെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം വിധിച്ചത്.
പ്രവീണ്‍ കുമാര്‍ സിങ് എന്നയാള്‍ 2024 ഏപ്രില്‍ ഏഴിനാണ് സ്വിഗ്ഗി ഡൈന്‍ഔട്ട് വഴി തെമിസ് ബാര്‍ബിക്യൂ ഹൗസില്‍ ടേബിള്‍ ബുക്ക് ചെയ്തത്. 14 പേര്‍ക്കാണ് ടേബിള്‍ ബുക്ക് ചെയ്തത്. ബുക്കിങ് സമയത്ത് രണ്ട് പേര്‍ക്ക് 'കോസ്റ്റ് ഫോര്‍ ടു' എന്ന പാക്കേജില്‍ 1500 രൂപയാണ് സ്വിഗ്ഗിയില്‍ കാണിച്ചിരുന്നത്. അതായത് ഒരാള്‍ക്ക് 750 രൂപയെന്നായിരുന്നു സൂചന. എന്നാല്‍ റെസ്റ്ററന്റില്‍ വെജിറ്റേറിയന്‍ ബുഫേക്ക് ഒരാള്‍ക്ക് 1050 രൂപയും നോണ്‍ വെജിറ്റേറിയന്‍ ബുഫേക്ക് 1100 രൂപയും ഈടാക്കി.
ആദ്യം പറഞ്ഞ വിലയേക്കാള്‍ യഥാക്രമം 300 രൂപയും 350 രൂപയും അധികമാണ് ഈടാക്കിയതെന്ന് കമ്മിഷന്‍ കണ്ടെത്തി. 40 മുതല്‍ 47 ശതമാനം വരെ കൂടുതലായിരുന്നു ഈ തുക. 'കോസ്റ്റ് ഫോര്‍ ടു' തുക എന്നുള്ളത് ഏകദേശ നിരക്കാണെന്ന് സ്വിഗ്ഗി വാദിച്ചെങ്കിലും, ബുക്കിങ് സമയത്തെ ലിസ്റ്റിങ്ങില്‍ ഇത് വ്യക്തമാക്കിയിരുന്നില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
റെസ്റ്ററന്റാണ് വില സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതെങ്കിലും, ആ വിവരം സ്വിഗ്ഗി പ്ലാറ്റ്ഫോമിലൂടെയാണ് ഉപഭോക്താവിന് ലഭിച്ചതെന്നതിനാല്‍ ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഇതിന് പുറമെ ബിവറേജസ് ബില്ലില്‍ 10 ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കിയതും പരാതിയില്‍ ഉന്നയിച്ചിരുന്നു. മെനുവില്‍ ഈ ചാര്‍ജ് വ്യക്തമാക്കിയിരുന്നില്ലെന്നും ഇതും സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.
അധികമായി ഈടാക്കിയ തുകയായ 3,988 രൂപ ഒന്‍പത് ശതമാനം വാര്‍ഷിക പലിശ സഹിതം ഉപഭോക്താവിന് തിരികെ നല്‍കാന്‍ തെമിസ് ബാര്‍ബിക്യൂ ഹൗസിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. സര്‍വീസ് ചാര്‍ജായി ഈടാക്കിയ 254 രൂപയും അതേ പലിശ നിരക്കില്‍ തിരിച്ചുനല്‍കണം. കൂടാതെ മാനസിക ബുദ്ധിമുട്ട്, നിയമനടപടി ചെലവ് എന്നിവയ്ക്കായി സ്വിഗ്ഗിയും റെസ്റ്ററന്റും ചേര്‍ന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളില്‍ തുക നല്‍കാത്ത പക്ഷം 12 ശതമാനം വാര്‍ഷിക പലിശ ഈടാക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Adjust Story Font
16

