Quantcast

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല

പ്രതിഷ്ഠാ ചടങ്ങിനെ ബി.ജെ.പിയും ആർ.എസ്.സും രാഷ്ട്രീയ വൽക്കരിക്കുകയാണ് എന്ന ആരോപണമാണ് പ്രതിപക്ഷത്തിന്റേത്

MediaOne Logo

Web Desk

  • Updated:

    2024-01-20 01:17:01.0

Published:

20 Jan 2024 1:16 AM GMT

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല
X

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ്. പ്രതിഷ്ഠയോട് അനുബന്ധിച്ച് റിസർവ് ബാങ്കിന് അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചു.

പ്രതിഷ്ഠാ ചടങ്ങിനെ ബി.ജെ.പിയും ആർ.എസ്.സും രാഷ്ട്രീയ വൽക്കരിക്കുകയാണ് എന്ന ആരോപണമാണ് പ്രതിപക്ഷത്തിന്റേത്. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം മുതൽ അക്ഷത വിതരണം വരെയെല്ലാം വിശ്വ ഹിന്ദു പരിഷത്തും ആർ.എസ്.സും തന്നെയാണ് ആസൂത്രണം ചെയ്തത് .

ഇത് വഴി ഹിന്ദി ഹൃദയ ഭൂമിയിൽ വൻ വിജയം ലക്ഷ്യമിട്ടാണ് ബി.ജെ.പി രാമക്ഷേത്രത്തെ ഉപയോഗിക്കുന്നത്. കോൺഗ്രസ് ആകട്ടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കുകയും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുന്നതിനെ എതിർക്കുകയുമാണ്.

പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉയരാത്തത് ആശ്വാസകരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോദ്ധ്യ പ്രചാരണ വിഷയമാക്കുവാൻ ബി.ജെ.പി താല്പര്യപെടുന്നത് ഹൈന്ദവ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്നത് പരസ്യമായ രഹസ്യമാണ്.

അതേസമയം രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോട് അനുബന്ധിച്ച് റിസർവ് ബാങ്കിന് അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചു.ജനുവരി 22ന് രാവിലെ 9ന് പകരം ഉച്ചയ്‌ക്ക് 2.30നാകും മണിമാർക്കറ്റുകൾ തുറക്കകയെന്നും ആർബിഐ അറിയിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പിന്നാലെ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയും പ്രവൃത്തിദിനമായ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.. ഇതാദ്യമായാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഒരു കേന്ദ്ര സർവകലാശാല അവധി പ്രഖ്യാപിക്കുന്നത്.

സർവകലാശാലയുടെ ഒരു ഡിപ്പാർട്ട്‌മെന്റുകളും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ പ്രവർത്തിക്കരുത് എന്നാണ് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. എന്നാൽ പരീക്ഷകൾ കൃത്യമായി നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം, ഉത്തരവിനെതിരെ സർവകാലാശാലയിലെ വിവിധ അധ്യാപകരും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രവൃത്തി ദിനമായതിനാൽ പല ആവശ്യങ്ങൾക്കുമായി നിരവധി വിദ്യാർഥികൾ സർവകലാശാലയിൽ എത്തുമെന്നും അവരെയൊക്കെ ഈ അവധി ബാധിക്കുമെന്നും അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്.

TAGS :

Next Story