കുംഭമേളയിൽ ഭക്തർക്കുള്ള ഭക്ഷണത്തിൽ ചാരം വാരിയിട്ടു; പൊലീസുകാരന് സസ്പെൻഷൻ
വൈറലായ വീഡിയോയിൽ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്

പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ ഭക്തർക്കായി വിളമ്പുന്ന ഭക്ഷണത്തിൽ ചാരം കലർത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സോറോൺ സ്റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത് . പാകം ചെയുന്ന ഭക്ഷണത്തിൽ തിവാരി ചാരം വാരിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി (ഗംഗാ നഗർ) കുൽദീപ് സിംഗ് ഗുണാവത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വൈറലായ വീഡിയോയിൽ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്. വീഡിയോ പകര്‍ത്തിയയാൾ ഇത് എക്സിൽ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. 'ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'. കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപി സോറോണിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിസിപി സോറോൺ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തുവെന്നും വകുപ്പുതല നടപടികൾ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി. " കുംഭമേളയില്‍ ഭക്ഷണവും വെള്ളവും നൽകാനുള്ള നല്ല ശ്രമങ്ങൾ രാഷ്ട്രീയ വിരോധത്താൽ തടസ്സപ്പെടുന്നത് ദൗർഭാഗ്യകരമാണ്. പൊതുജനങ്ങൾ ശ്രദ്ധിക്കണം!" അദ്ദേഹം പറഞ്ഞു. കുംഭമേളയില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടിയതോടെ ഭക്തർക്ക് സൗജന്യമോ മിതമായ നിരക്കിലോ ഭക്ഷണം നൽകുന്നതിന് വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ്ങും ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) പ്രശാന്ത് കുമാറും സ്വരൂപ് റാണി നെഹ്രു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. 30 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Adjust Story Font
16

