Quantcast

സംഘ്പരിവാർ ആക്രമണം: സുരക്ഷയൊരുക്കില്ല; ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കാൻ ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലീസ്

ഏതാനും മാസങ്ങളായി ശ്രീരാമസേന, ബജ്രങ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെ നിരവധി അക്രമങ്ങളാണ് കര്‍ണാടകയില്‍ നടന്നത്. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ അക്രമങ്ങളെന്നാണ് ക്രിസ്ത്യൻ സമൂഹം കരുതുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-28 09:51:22.0

Published:

28 Nov 2021 9:49 AM GMT

സംഘ്പരിവാർ ആക്രമണം: സുരക്ഷയൊരുക്കില്ല; ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കാൻ ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലീസ്
X

സംഘ്പരിവാർ ആക്രമണം ഒഴിവാക്കാൻ ഞായറാഴ്ചത്തെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാൻ ക്രിസ്ത്യൻ പുരോഹിതന്മാർക്ക് പൊലീസ് നിർദേശം. കർണാടകയിലെ ബെലഗവിയിലാണ് ഇവിടത്തെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യൻ സമൂഹത്തിന് പൊലീസിന്റെ വിചിത്രകരമായ 'ഉപദേശം'. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടന്ന സംഘ്പരിവാർ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മതപുരോഹിതന്മാരെ സമീപിച്ചത്.

സംഘ്പരിവാർ സംഘങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നും തങ്ങൾക്ക് സംരക്ഷണം നൽകാനാകില്ലെന്നുമാണ് പൊലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനായ തോമസ് ജോൺസൻ 'ന്യൂസ് മിനുട്ടി'നോട് പറഞ്ഞു. ഔദ്യോഗിക ഉത്തരവോ നിരോധനമോ ആയിട്ടല്ല പൊലീസ് ഇക്കാര്യം നിർദേശിച്ചത്. സാമുദായിക സൗഹാർദം നിലനിർത്താൻ വേണ്ടിയുള്ള ഉപദേശമായിരുന്നു. വൈദികനായ ചെറിയാൻ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് പൊലീസ് പറഞ്ഞത് ചർച്ചുകളിൽ വേണമെങ്കിൽ പ്രാർത്ഥന നടത്തിക്കൊള്ളൂവെന്നാണ്. സ്വകാര്യ വസതിയിലോ വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലോ നടത്തരുതെന്നു പറഞ്ഞുവെന്നും തോമസ് ജോൺസൻ പറഞ്ഞു.

ബെലഗവിയിൽ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാനാണ് പൊലീസ് നിർദേശം. ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്ന നിർദേശവുമായി 15ഓളം പുരോഹിതന്മാരെ പൊലീസ് സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീരാമസേന, ബജ്രങ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെ നിരവധി അക്രമങ്ങളാണ് നടന്നത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ അക്രമങ്ങളെന്നാണ് ക്രിസ്ത്യൻ സമൂഹം കരുതുന്നത്.

സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ ആശങ്കയുമായി മതപുരോഹിതന്മാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് റവ. നന്ദുകുമാർ, റവ. ഡെറെക് ഫെർണാണ്ടസ് അടങ്ങുന്ന ബിഷപ്പുമാരുടെയും ക്രിസ്ത്യൻ നേതാക്കളുടെയും സംഘം ബെലഗവി പൊലീസ് കമ്മീഷണറെ സന്ദർശിച്ച് മെമോറാണ്ടം സമർപ്പിച്ചിരുന്നു. പുതിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾക്ക് പ്രത്യേക സുരക്ഷ നൽകണമെന്നായിരുന്നു ആവശ്യം. തങ്ങൾക്ക് സുരക്ഷ നൽകുന്നതിനു പകരം പ്രാർത്ഥനകളും മറ്റു പരിപാടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് അപകടകരമാണെന്ന് മെമോറാണ്ടത്തിൽ സൂചിപ്പിക്കുന്നു.

Summary: A section of Christians in Belagavi, Karnataka, are alarmed by the Belagavi police against conducting prayer meetings. The police action appears ill-motivated to many observers considering the insecurities in the Christian community over a string of recent attacks on them by militant Hindutva groups. A few pastors were called and told to not conduct prayers saying right wing groups may attack them and the police will not be able to give them പ്രൊട്ടക്ഷൻ.

TAGS :

Next Story