Quantcast

വീട്ടുകാരോട് പറയാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തി; യുവതിയും യുവാവും മുങ്ങി മരിച്ചു

സുപ്രിയ ബാംഗ്ലൂരിലും വിഭു ഡൽഹിയിലുമാണ് ജോലി ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    15 Feb 2023 3:57 PM IST

Valentine’s Day,Couple death,Palolem Beach,
X

പനാജി: വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലേക്ക് പോയ യുവതിയും യുവാവും മുങ്ങിമരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സുപ്രിയ ബാംഗ്ലൂരിലും വിഭു ഡൽഹിയിലുമാണ് ജോലി ചെയ്യുന്നത്. വാലെൈന്റൻസ് ഡേ ആഘോഷിക്കാൻ ഇരുവരും ഗോവയിലെത്തുകയായിരുന്നെന്ന് കൊങ്കൺ പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവർ ഗോവയിലുണ്ടെന്ന് വീട്ടുകാർക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം ഇവര്‍ നീന്താൻ വെള്ളത്തിലിറങ്ങിയതായാണ് കരുതുന്നത്. കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലൂടെയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. സുപ്രിയ വെള്ളത്തിൽ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഭു ശർമയും മുങ്ങുകയാണെന്നാണ് പൊലീസ് കരുതുന്നത്.

വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ലൈഫ് ഗാർഡിന്റെ സഹായത്തോടെ കരയ്ക്കെത്തിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം ഇരുവരും നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story