ദേശീയപാതയോരത്തെ കയ്യേറ്റം നീക്കുന്നതിൻ്റെ പേരില്‍ നടപടിക്രമം പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കരുത് -സുപ്രിംകോടതി
ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ നീക്കാന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു

- Published:
19 Nov 2026 3:42 PM IST

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ കയ്യേറ്റങ്ങള്‍ നീക്കണമെന്ന ഏപ്രിലിലെ ഉത്തരവ്, തര്‍ക്കവിഷയമായ കെട്ടിടങ്ങള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊളിക്കാനായി ഉപയോഗപ്പെടുത്തരുതെന്ന് സുപ്രിംകോടതി. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കരുത്. കയ്യേറ്റമാണെന്ന അധികൃതരുടെ വാദം മാത്രം പൊളിക്കലിന് മതിയായ കാരണമാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ദേശീയപാതാ അതോറിറ്റിയുടെ പൊളിക്കല്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ നീക്കാന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. രാജസ്ഥാനിലെ ഫലോദിയില്‍ 19 പേര് മരിച്ച അപകടത്തിന് പിന്നാലെയായിരുന്നു സുപ്രിംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്. എന്നാല്‍, ഇത് നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കണമെന്നാണ് സുപ്രിംകോടതി ഇപ്പോള്‍ വ്യക്തമാക്കിയത്.
ഒരു കെട്ടിടം ദേശീയപാതയുടെ പരിധിയിലുള്ള ഭൂമിയിലാണെന്ന അധികൃതരുടെ അവകാശവാദം മാത്രം പോരാ കയ്യേറ്റമാണെന്ന് നിര്ണയിക്കാനെന്ന് കോടതി വ്യക്തമാക്കി. 2002ലെ കണ്ട്രോള് ഓഫ് നാഷനല്‍ ഹൈവേസ് (ലാന്‍ഡ് ആന്‍ഡ് ട്രാഫിക്) നിയമത്തിലെ 26-ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം കൈയേറ്റം ഒഴിപ്പിക്കേണ്ടത്. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയും വേണം. ഭൂമിയുടെ ഉടമസ്ഥാവകാശം, ദേശീയപാത അതിര്‍ത്തി നിര്‍ണയം, ഭൂമി ഏറ്റെടുത്തിട്ടുണ്ടോ, നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ റവന്യൂ രേഖകളും സര്‍വേ റിപ്പോര്‍ട്ടുകളും പരിശോധിച്ച് നിയമപരമായി തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.
തര്‍ക്കത്തിലുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് ബന്ധപ്പെട്ട ഹൈക്കോടതികളെ സമീപിക്കാനുള്ള അവസരമുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതികളില്‍ ഹരജികള്‍ തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സംരക്ഷണം തുടരും. നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ ബന്ധപ്പെട്ട കെട്ടിടങ്ങള്‍ പൊളിക്കാനോ മറ്റ് നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ക്ക് അവകാശമില്ല. അതേസമയം, ഈ സംരക്ഷണം ഹരജികളില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും. പുതിയ കൈയേറ്റങ്ങള്‍ക്കോ നിര്‍മാണങ്ങള്‍ക്കോ ഇതിന്റെ പേരില്‍ അനുമതി ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16
