‘നിങ്ങളുടെ കരിയർ നശിക്കും’: ജി.എൻ. സായിബാബയുടെ ചരമവാർഷികത്തിൽ പങ്കെടുത്ത ടിസ് വിദ്യാർഥികളെ ശാസിച്ച് കോടതി
പോളിയോ ബാധിച്ച് 90 ശതമാനത്തിലധികം വൈകല്യമുണ്ടായിരുന്ന ജി.എൻ. സായിബാബയെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് ഏഴ് വർഷത്തിലേറെ ജയിലിലടച്ചു. 2024 മാർച്ചിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി

- Published:
21 Jan 2026 5:35 PM IST

മുംബൈ: ഡൽഹി സർവകലാശാല മുൻ പ്രഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ ജി.എൻ. സായിബാബയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തതിന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) വിദ്യാർഥികളെ ശാസിച്ച് സെഷൻസ് കോടതി ജഡ്ജി. ഈ കേസ് ഭാവിയിലെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും കരിയർ നശിക്കുമെന്നും അഡീഷണൽ സെഷൻസ് ജഡ്ജി മനോജ് ബി ഓസ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. 'നിങ്ങൾക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ട്. നിങ്ങളുടെ റെക്കോർഡ് രാജ്യത്തെ എല്ലായിടത്തുമുള്ള പൊലീസിന്റെ പക്കലുണ്ട്. നിങ്ങളുടെ കരിയർ ആരംഭിക്കുന്നതിന് മുമ്പുതന്നെ നിങ്ങൾ ഒരു മണ്ടത്തരം ചെയ്തു. നിങ്ങളുടെ കരിയർ നശിക്കും.' ജഡ്ജി പറഞ്ഞു.
ഒമ്പത് വിദ്യാർഥികളെയും പ്രതിചേർത്ത് ട്രോംബെ പൊലീസ് ഫയൽ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ടിസ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത ഉണ്ടാക്കൽ, നിയമവിരുദ്ധമായ ഒത്തുചേരലിൽ പങ്കെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നതെന്ന് 'ദി സ്ക്രോൾ' റിപ്പോർട്ട് ചെയ്തു. സുപ്രിം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ച ആക്ടിവിസ്റ്റ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചതായും എഫ്‌ഐആറിൽ ആരോപിക്കുന്നു.
പോളിയോ ബാധിച്ച് 90 ശതമാനത്തിലധികം വൈകല്യമുണ്ടായിരുന്ന ജി.എൻ. സായിബാബയെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് ഏഴ് വർഷത്തിലേറെ ജയിലിലടച്ചു. 2024 മാർച്ചിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിൽ മോചിതനായി ഏഴ് മാസങ്ങൾക്ക് ശേഷം ഒക്ടോബർ 12ന് ഹൈദരാബാദിൽ ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം മരിച്ചു. ദീർഘകാല ജയിൽവാസവും മതിയായ വൈദ്യസഹായവും ഇല്ലാത്തതാണ് അദേഹത്തിന്റെ ആരോഗ്യം വഷളാകാൻ കാരണമെന്ന് സായിബാബയുടെ കുടുംബവും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിച്ചു.
സായിബാബയുടെ ഒന്നാം ചരമവാർഷിക സ്മരണയ്ക്കായി കഴിഞ്ഞ വർഷം ഒക്ടോബർ 12ന് ടിസ് ക്യാമ്പസിൽ വിദ്യാർഥികൾ ഒത്തുകൂടി. ഡെമോക്രാറ്റിക് സെക്കുലർ സ്റ്റുഡന്റ്സ് ഫോറവുമായി ബന്ധപ്പെട്ട ആളുകൾ പരിപാടി തടസപ്പെടുത്തുകയും തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ഒമ്പത് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വിദ്യാർഥികളുടെ വാദങ്ങൾ കേൾക്കുന്നതിനായി ഫെബ്രുവരി 5 വരെ കോടതി മുൻക്കൂർ ജാമ്യം അനുവദിച്ചു.
Adjust Story Font
16
