Quantcast

ഭരണ സംവിധാനം പരാജയപ്പെടുമ്പോൾ കോടതികൾക്ക് കൈകെട്ടി ഇരിക്കാനാകില്ല: സുപ്രിംകോടതി ജസ്റ്റിസ് ബി.ആർ ഗവായ്

ജുഡീഷ്യൽ റിവ്യൂവിന് കീഴിൽ ഇന്ത്യയിലെ കോടതികൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണെന്നും സുപ്രിംകോടതി ജസ്റ്റിസ്

MediaOne Logo

Web Desk

  • Published:

    29 March 2024 2:03 PM GMT

Courts cannot sit idly by when executive fails: Supreme Court Justice BR Gavayi
X

ഭരണ സംവിധാനം ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുമ്പോൾ കൈ കെട്ടി ഇരിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ ജുഡീഷ്യറി പലപ്പോഴും തെളിയിച്ചിട്ടുണ്ടെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ ഗവായ്. രാജ്യത്തെ ഭരണഘടനാ കോടതികൾ ഇക്കാര്യത്തിൽ പുതിയ ഭരണഘടനാ സംവിധാനങ്ങളും നിയമ തത്വങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും നയരൂപീകരണത്തിലെ പൊരുത്തക്കേട് കാരണം ജുഡീഷ്യൽ ഇടപെടലിനുള്ള ആവശ്യം പലപ്പോഴും ഉയർന്നുവന്നിട്ടുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

'ജുഡീഷ്യൽ അവലോകനം നയങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ ഹാർവാർഡ് കെന്നഡി സ്‌കൂളിൽ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്‌കൂളിലെ സി.എ.ആർ.ആർ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പോളിസിയാണ് പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചത്.

'നയരൂപീകരണത്തിലെ നിരന്തര പൊരുത്തക്കേടും നയം നടപ്പാക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ജുഡീഷ്യൽ ഇടപെടലുകൾക്കായുള്ള ആവശ്യം പലപ്പോഴും തെളിയിച്ചു. ചുമതലകൾ നിർവഹിക്കുന്നതിൽ എക്സിക്യൂട്ടീവ് പരാജയപ്പെടുമ്പോൾ നമ്മുടെ ഭരണഘടനാ കോടതികൾക്ക് കൈ കെട്ടി ഇരിക്കാൻ കഴിയില്ല' അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ പുനരവലോകനത്തിന്റെ അധികാരം എങ്ങനെയാണ് ജുഡീഷ്യറിയെ ഇടപെടാനും നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കാണാനും അനുവദിക്കുന്നതെന്നും സുപ്രിംകോടതി ജഡ്ജി വിശദീകരിച്ചു.

'നിയമവാഴ്ച പരമപ്രധാനമായ ഇന്ത്യയിൽ, ജുഡീഷ്യൽ അവലോകനം നിയമനിർമാണസഭയുടെ ഏത് അധികാര ദുർവിനിയോഗത്തിനും തടസ്സമായി തുടരുകയാണ്. ജുഡീഷ്യൽ അവലോകനത്തിന്റെ സിദ്ധാന്തം രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങൾക്കും ഇടയിൽ ശക്തമായ വേലിയായി പ്രവർത്തിക്കുന്നു. ജുഡീഷ്യൽ അവലോകനം എന്ന ആശയം നിയമശാസ്ത്രത്തിലൂടെ നയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. തങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ നിയമനിർമാണസഭയുടെ അധികാരത്തിനും പൗരന്മാരുടെ താൽപര്യങ്ങൾക്കും ഇടയിലുള്ള പാലമായി, വർഷങ്ങളായി കോടതി പ്രവർത്തിക്കുന്നു' അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ റിവ്യൂവിന് കീഴിൽ ഇന്ത്യയിലെ കോടതികൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

'വ്യാഖ്യാനത്തിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രാഥമിക മാർഗമായി ജുഡീഷ്യൽ അവലോകനം പ്രവർത്തിക്കുന്നു, അതുവഴി ഭരണഘടനയെ ജീവനുള്ള രേഖയായി നിലനിർത്തുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുതാൽപര്യപ്രകാരം പ്രവർത്തിക്കാൻ സർക്കാരിനും അതിന് കീഴിലുള്ള സംവിധാനങ്ങൾക്കും കോടതികൾ നയ മാർണനിർദ്ദേശങ്ങൾ നൽകുകയോ ഭരണപരമായ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്ത നിരവധി കേസുകളും സുപ്രിംകോടതി ജഡ്ജി ചൂണ്ടിക്കാട്ടി.

'ജുഡീഷ്യൽ അവലോകനത്തെ പരിശോധനക്കും സന്തുലനം പാലിക്കാനുമുള്ള ഒരു സംവിധാനം മാത്രമായല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കാണുന്നത്. മറിച്ച് അവരുടെ പൗരന്മാരുടെ താൽപര്യങ്ങൾക്കനുസൃതമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു ഉപകരണമായി കൂടിയാണ്. ജുഡീഷ്യൽ അവലോകനം ഭരണഘടനാ പരിധികൾ നിർവചിക്കുകയും വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, അത് മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചലനാത്മകതയെ പ്രതിഫലിപ്പിക്കുകയും സ്വകാര്യത അവകാശങ്ങൾ പോലുള്ള പുതിയതും ഉയർന്നുവരുന്നതുമായ അവകാശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു' അദ്ദേഹം പറഞ്ഞു. കോവിഡ് സമയത്ത് ഇന്ത്യയിലെ കോടതികൾ സർക്കാരുമായി എങ്ങനെയാണ് 'ഡയലോഗിക് ജുഡീഷ്യൽ റിവ്യൂ' (സംവാദത്മക ജുഡീഷ്യൽ അവലോകനം) യിൽ ഏർപ്പെട്ടതെന്ന് അദ്ദേഹം പ്രത്യേകം എടുത്തുകാണിച്ചു. ഓക്‌സിജൻ വിതരണവും ആശുപത്രി ഫീസ് പരിധിയും ഉറപ്പാക്കാനുള്ള കോടതി ഉത്തരവുകൾ ഓർമിപ്പിച്ചു.

TAGS :

Next Story