ഭൂമിക്കടിയില്‍, 3,000 അടി താഴ്ചയിൽ കോവിഡ് ഇനിയും എത്തിനോക്കാത്തൊരു ഇന്ത്യൻ ഗ്രാമം!

രാമായണ പുരാണപ്രകാരം സീത സ്വന്തം നിരപരാധിത്വം തെളിയിക്കാനായി ഭൂമി പിളർന്നു താഴേക്കുപോയത് പാതാൾകോട്ടിലാണെന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-21 12:07:43.0

Published:

21 Nov 2021 12:07 PM GMT

ഭൂമിക്കടിയില്‍, 3,000 അടി താഴ്ചയിൽ കോവിഡ് ഇനിയും എത്തിനോക്കാത്തൊരു ഇന്ത്യൻ ഗ്രാമം!
X

പുരാണകഥകളിലൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു വിശ്വാസലോകമാണ് പാതാളം. സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഭൂമി പിളർന്ന് പാതാളത്തിലേക്കു പോയ സീതാ ദേവി പുരാണകഥകളിലുണ്ട്. വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തിയ മാവേലി മലയാളിയുടെ സ്വന്തമാണ്. എന്നാൽ, പുരാണകഥകളിലൊക്കെ പറയപ്പെടുന്ന ആ പാതാളലോകം ശരിക്കും ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഭൂമിക്കടിയിൽ 3,000 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം നമ്മുടെ രാജ്യത്തുണ്ട്; മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആ അപൂർവഗ്രാമത്തിന്റെ പേര് 'പാതാൾകോട്ട്'!

സൂര്യവെളിച്ചം കാണാത്ത ഗ്രാമം

ഓറഞ്ച്കൃഷിക്കു പേരുകേട്ട മധ്യപ്രദേശ് ജില്ലയായ ചിന്ദ്വാരയിലാണ് ഈ 'പാതാളലോക'മുള്ളത്. ഇന്ത്യയുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പർവതനിരയായ സത്പുരയുടെ ഭാഗമായാണ് വനനിബിഡമായ പാതാൾകോട്ട് സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽനിന്ന് 250 കി.മീറ്റർ സഞ്ചരിച്ചുവേണം ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ പാതാൾകോട്ടിലെത്താൻ.


സർക്കാർ കണക്കുപ്രകാരം 21 ഗ്രാമങ്ങളാണ് പാതാൾകോട്ടിലുള്ളത്. എന്നാൽ, ഇതിൽ പന്ത്രണ്ടിടത്ത് മാത്രമേ ജനവാസമുള്ളൂ. ചെറിയ കുടിലുകളിൽ കഴിയുന്ന ഇവരിൽ ഭൂരിഭാഗവും ഗോണ്ട് ആദിവാസി ഗോത്രവിഭാഗത്തിന്റെ ഭാഗമായ ഭുരിയക്കാരാണ്. ഏകദേശം 7,000ത്തോളം വരും ഇവരുടെ ജനസംഖ്യ എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന, വനത്തിനും താഴ്ഭാഗത്തായി സ്ഥതി ചെയ്യുന്ന പ്രദേശമായതിനാൽ ഈ ഗ്രാമത്തിൽ സൂര്യവെളിച്ചം തന്നെ എത്തിനോക്കാറില്ല. മുഴുസമയം ഇരുട്ട് മൂടിക്കെട്ടിക്കിടക്കുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. എന്നാൽ, ഏതാനും വർഷങ്ങൾക്കുമുൻപ് ഇവരിൽ ചിലർ പർവതത്തിന്റെ ഉയർന്നപ്രദേശങ്ങളിലേക്ക് താമസംമാറ്റിത്തുടങ്ങി. അവിടെ കുടിൽകെട്ടി സ്ഥിരംതാമസമുറപ്പിച്ചു. അവിടെയും ദിവസം നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് സൂര്യവെളിച്ചം ലഭിക്കുക.

ഹനുമാനും പാതാളത്തിലേക്കുള്ള പാത

ഇവിടത്തെ ഗോത്രവിഭാഗക്കാർക്ക് തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. പുരാണങ്ങളിലൊക്കെ വിവരിക്കപ്പെടുന്ന യഥാർത്ഥ പാതാളം ഇവിടെത്തന്നെയാണെന്നാണ് ഇവരുടെ പ്രധാന വിശ്വാസം.

രാമായണത്തിലെ കഥാനായികയായ സീത സ്വന്തം നിരപരാധിത്വം തെളിയിക്കാനായി ഭൂമിയെ നെടുകെപ്പിളർത്തി അന്തർധാനം ചെയ്തത് ഇവിടെയായിരുന്നുവെന്നാണ് ഇവർ വിശ്വസിക്കുന്നത്. രാവണൻ ശ്രീരാമനെയും ലക്ഷ്മണനെയും പാതാളത്തിലേക്ക് താഴ്ത്തുന്ന ഒരു ഐതിഹ്യവുമുണ്ട്. ഇതുപ്രകാരം, രാമനെയും ലക്ഷ്ണമനെയും രക്ഷിക്കാൻ പാതാളത്തിലേക്ക് ഹനുമാൻ പ്രവേശിച്ചത് ഇതുവഴിയായിരുന്നുവെന്നും ഇവിടത്തുകാർ വിശ്വസിക്കുന്നു.


പാതാളത്തിലേക്ക് കടക്കാനുള്ള ഏകകവാടമായും ഇവർ നാടിനെക്കുറിച്ച് പറയുന്നുണ്ട്. നരകകവാടത്തിന്റെ കാവൽക്കാരായാണ് ഇവർ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്.

ഒറ്റ കോവിഡുമില്ല

ഔഷധസസ്യങ്ങൾകൊണ്ടും പ്രകൃതിവിഭവങ്ങൾക്കൊണ്ടും സമ്പന്നമാണ് പാതാൾകോട്ട്. ഇവ ഉപയോഗിച്ചുള്ള ജീവിതമാണ് ഇവിടത്തെ ഗോത്രവിഭാഗക്കാർക്കുമുള്ളത്. ഭക്ഷണത്തിനു മാത്രമല്ല ചുറ്റിലുമുള്ള പ്രകൃതിയെ അവർ ആശ്രയിക്കുന്നത്. എന്തെങ്കിലും അസുഖം വന്നാലും ഇവിടത്തെത്തന്നെ ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണുള്ളത്.

എന്നാൽ, പാതാൾകോട്ട് ഇതുവരെയും കോവിഡ് എത്തിനോക്കാത്ത അപൂർവം ഇന്ത്യൻ ഗ്രാമങ്ങളിലൊന്നായതിനു പിന്നിൽ അവരുടെ ആരോഗ്യജീവിതം മാത്രമല്ല കാരണം. ഒരിക്കലും പുറംലോകവുമായി ബന്ധമില്ലാതെയാണ് പാതാൾകോട്ടുകാരുടെ ജീവിതമെന്നതു തന്നെയാണ് ഒന്നാമത്തെ കാര്യം. ഭക്ഷണസാധനങ്ങൾക്കൊന്നും പുറത്തുപോകേണ്ട ആവശ്യമില്ല. ആകെ ഉപ്പിനു വേണ്ടി മാത്രമാണ് പുറത്തേക്കിറങ്ങാറ്. അതും ഒരു കയർകൊണ്ട് കെട്ടിയുണ്ടാക്കിയ പാതയാണ് പുറത്തെത്താൻ ആശ്രയിച്ചിരുന്നത്.


പുറംലോകത്തുള്ളവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കാറുമില്ല ഇവർ. എന്നാൽ, ഏതാനും വർഷങ്ങൾക്കുമുൻപ് സർക്കാർ ഇവിടെനിന്ന് പുറത്തേക്കൊരു റോഡ് നിർമിച്ചു. ഇതോടെ പുറത്തുനിന്നും അൽപാൽപമായെങ്കിലും സഞ്ചാരികൾ ഇങ്ങോട്ട് എത്തിത്തുടങ്ങിയിട്ടുണ്ട്. ആരുമറിയാതെക്കിടന്ന ഈ 'പാതാളലോകം' കോവിഡ് കാലത്താണ് കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത്.

Summary: Pataalkot is in Chhindwara district of Madhya Pradesh, a treasure trove of medicines, which is located 3000 feets below the ground. According to mythological legends, this is the same place where Lord Rama's wife Sita decided to go inside the earth. This village is still Covid-free.

TAGS :

Next Story