'കോവിഡിനേക്കാൾ വിദ്വേഷം പടർത്തിയ നാളുകൾ'; അഞ്ച് വർഷത്തിനിപ്പുറം തബ്‌ലീഗ് ജമാഅത്ത് കോവിഡ് കേസ് കോടതി റദ്ദാക്കുമ്പോൾ
ഇന്ത്യയിൽ കോവിഡ് പടർന്ന് പിടിക്കാൻ കാരണം തബ്‌ലീഗ് ജമാഅത്തുകാരാണെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആരോപണം

ന്യൂഡൽഹി: കോവിഡ് പടർത്തിയെന്നാരോപിച്ച് തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരായ 70 ഇന്ത്യക്കാർക്കെതിരെ അഞ്ച് വർഷത്തിലേറെയായി ചുമത്തിയ കുറ്റങ്ങൾ ഇന്നലെയാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്.വിശദമായ വിധിക്കുള്ള കാത്തിരിപ്പിനിടെയാണ് നടപടിക്രമങ്ങൾ റദ്ദാക്കുന്നതായി ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ തുറന്ന കോടതിയിൽ പ്രഖ്യാപിച്ചത്.16 എഫ്‌ഐആറുകളിലെയും തുടർന്നുള്ള നടപടികളിലെയും കുറ്റങ്ങളാണ് കോടതി റദ്ദാക്കിയത്.
അഞ്ചുവര്‍ഷത്തിനിപ്പുറം ഹൈക്കോടതി പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കുമ്പോൾ പൊളിഞ്ഞുവീഴുന്നത് ഒരു പ്രത്യേക വിഭാഗത്തെയും കോവിഡിനെയും ചേര്‍ത്ത് രാജ്യമാകെ പ്രചരിപ്പിച്ച വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വിഡിയോകളുമാണ്.
തബ്‍ലീഗ് ജമാഅത്ത് സമ്മേളനവും കോവിഡും
ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുന്ന സമയം. 2020 മാർച്ച് 14മുതലാണ് ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ തബ്‍ലീഗ് ജമാഅത്തിന്റെ മുൻ കൂട്ടി നിശ്ചയിച്ച സമ്മേളനം നടന്നത്. വിദേശ പൗരന്മാരടക്കം ഏകദേശം 1500 ലധികം പേർ സമ്മേളനത്തിനായി ഇതിനോടകം തന്നെ എത്തിയിരുന്നു. എന്നാൽ സമ്മേളനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ മാർച്ച് 23 നാണ് ഡൽഹിയിൽ കർശനമായ ലോക്ഡൗണ്‍ സർക്കാർ ഏർപ്പെടുത്തുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിമാനത്താവളങ്ങളും റെയിൽവെ സ്‌റ്റേഷുകളടക്കം അടച്ചിട്ടു. ഇതോടെ വിദേശപൗരന്മാർ അടക്കമുള്ള തബ്‍ലീഗ് പ്രവർത്തകർ അവിടെ കുടുങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കോവിഡ് പ്രോട്ടോക്കോളും വിസാ നിയമങ്ങളും ലംഘിച്ചെന്നാരോപിച്ച് 950 ഓളം പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആയിരത്തോളം വിദേശ പൗരന്മാരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും വിസ റദ്ദാക്കി,അവരുടെ പാസ് പോർട്ടുകൾ കണ്ടുകെട്ടുകയും ചെയ്തു. തബ്ലീഗ് ജമാഅത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ വഷളാക്കിയെന്ന് ആരോപിച്ച് കുറ്റം ചുമത്തുകയും ചെയ്തു.
വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ കറങ്ങിനടന്ന വ്യാജ വീഡിയോകള്‍
തബ്‍ലീഗ് ജമാഅത്തിന്റെ സമ്മേളനവും കോവിഡ് വ്യാപനവും വാര്‍ത്തയായതോടെയാണ് സോഷ്യൽമീഡിയയിലും 'വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലും' മുസ്‍ലിംകൾക്കെതിരെ വ്യാപക വിദ്വേഷ പ്രചാരണങ്ങൾ കൊറോണ വൈറസിനെക്കാൾ വേഗത്തിൽ പടർന്ന് പിടിച്ചത്.
മാർച്ച് പകുതിയോടെ ഇന്ത്യയിൽ കോവിഡ് വ്യാപകമായി പടർന്ന് പിടിച്ചിരുന്നു. കൊറോണ വൈറസിനെക്കുറിച്ചും രോഗത്തെക്കുറിച്ചും വൈറസിനെ നേരിടാനുള്ള എളുപ്പ വഴികളെക്കുറിച്ചുമെല്ലാമുള്ള നൂറുക്കണക്കിന് വ്യാജ സന്ദേശങ്ങളായിരുന്നു അതുവരെ' വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റികളിലൂടെ' കറങ്ങി നടന്നത്. എന്നാൽ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ സോഷ്യൽമീഡിയയിൽ തബ്‍ലീഗ് ജമാഅത്തുകളെയും മുസ്‍ലിം സമുദായത്തെയും ലക്ഷ്യമിട്ട് നിരവധി വ്യാജ വാർത്തകളും വീഡിയോകളുമാണ് പ്രചരിച്ചത്.
മാർച്ച് 19 ന്, സമ്മേളനത്തിൽ പങ്കെടുത്ത പത്ത് ഇന്തോനേഷ്യൻ പൗരന്മാർക്ക് തെലങ്കാനയിൽ കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥീരികരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത 15 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.മാർച്ച് 30ന് ഡൽഹി പൊലീസ് സംഘടനയുടെ ഓഫീസ് അടച്ചുപൂട്ടി. 2020 മാർച്ച് 24നും 2020 മാർച്ച് 30നും ഇടയിൽ വിദേശ പൗരൻമാരെ വിവിധ പള്ളികളിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് 16 എഫ്ഐആറുകളിലായി 70 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു.
മാർച്ച് 30 ന് ശേഷം നിരവധി വ്യാജ വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. മുസ്‍ലിംകൾ കോവിഡ് പരത്തുകയാണെന്ന തലക്കെട്ടോടെ പഴയ വീഡിയോകളായിരുന്നു കൂടുതലായും പ്രചരിച്ചത്. മുസ്‍ലിംകള്‍ 'സ്പൂണുകളിലും പ്ലേറ്റുകളിലും പാത്രങ്ങളിലും ഉമിനീർ പുരട്ടുകയും പുരട്ടി കൊറോണ വൈറസ് രോഗം പടർത്തുന്നെന്നും മുസ്‍ലിംകളുടെ കടകളിൽ നിന്ന് സാധനങ്ങളോ ഭക്ഷണങ്ങളോ വാങ്ങരുതെന്നതടക്കമുള്ള നിരവധി വീഡിയോകൾ കോവിഡ് വൈറസിനേക്കാൾ വേഗത്തിൽ പ്രചരിച്ചു. ഇതെല്ലാം വ്യാജ പ്രചാരണമാണെന്ന് ആൾട്ട് ന്യൂസ് അടക്കമുള്ള ഫാക്ട് ചെക്ക് സൈറ്റുകൾ തുറന്ന് കാട്ടുകയും ചെയ്തിരുന്നു.എന്നാൽ വ്യാജ പ്രചാരണങ്ങൾ അതിനേക്കാൾ വേഗത്തിൽ സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
വര്‍ഗീയ പരാമര്‍ശങ്ങളുമായി നേതാക്കള്‍
സോഷ്യൽമീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് പുറമെ ഇന്ത്യയിലെ പല നേതാക്കളും ഇതിന് പിന്നാലെ വർഗീയ ചുവയുള്ള പരാമർശങ്ങളും നടത്തുകയും ചെയ്തു. രാജ്യത്താകമാനം കോവിഡ് 19 പടരാൻ കാരണം തബ്‌ലീഗ് ജമാഅത്താണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 'കൊറോണ വൈറസിന്റെ വാഹകരായി മാറിയത് തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും യോഗി പറഞ്ഞിരുന്നു. അവർ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ രാജ്യത്തിന് ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു. കുറ്റകരമായ കാര്യമാണ് അവർ ചെയ്തതെന്നുമായിരുന്നു' യോഗിയുടെ പരാമർശം.
'കൊറോണ വൈറസ് ഇന്ത്യ അഭിമുഖീകരിക്കുന്ന രണ്ടാമത്തെപ്രശ്‌നമാണ്,പ്രധാനപ്രശ്‌നം സംസ്‌കാരമില്ലാത്ത ജമാഅത്ത് കൂട്ടങ്ങളാണ്' എന്നായിരുന്നു ഗുസ്തി താരവും ബിജെ പി നേതാവുമായ ബബിത ഫോഗോട്ട് എക്‌സിൽ കുറിച്ചത്. ട്വീറ്റ് വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.മാർച്ച് മാസത്തിൽ നടന്ന തബ്‍ലീഗ് സമ്മേളനം കോവിഡ് വ്യാപിക്കുന്നതിന് ഇടയാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാജ്യസഭയിൽ അറിയിച്ചിരുന്നു.
'ഇന്ത്യ മുഴുവൻ കോവിഡ് പടർത്തിയത് മുസ്‍ലിംകളാണെന്നും ഡൽഹി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനങ്ങൾ കോവിഡ് പടർത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന്' സംഘ്പരിവാർ സഹയാത്രികനായ എൻ.ഗോപാലകൃഷ്ണന്റെ പ്രസ്താവനയും വിവാദമായിരുന്നു.ഗോപാലകൃഷ്ണനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്ത് വരണമെന്നും രോഗം കൂടുതൽ പേരിൽ പടരണമെന്നും തബ്‍ലീഗ് ജമാഅത്തിലെ പുരോഹിതൻ പറയുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഫേസ്ബുക്കിലടക്കം പ്രചരിച്ചിരുന്നു. പത്ത് മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ വീഡിയോ ക്ലിപ്പിലെ തലക്കെട്ട് മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് ഫേസ്ബുക്ക് തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. മുസ്‍ലിംകൾ ലോക് ഡൗൺ ലംഘിക്കുന്നുവെന്ന് കാണിച്ച് പഴയ വീഡിയോകൾക്ക് കാപ്ഷൻ നൽകി പിന്നെയും പ്രചരിച്ചിരുന്നു.
സോഷ്യൽമീഡിയകളിൽ മാത്രമല്ല,ചില ടെലിവിഷൻ ചാനലുകളിലും ദേശീയ മാധ്യമങ്ങളും ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിച്ചിരുന്നു. കർണാടകയിലെ കർണാടകയിലെ ഭട്കലിൽ ദുബൈയിൽ നിന്നെത്തിയ നാല് മുസ്‍ലിം യുവാക്കൾ 'മതപരമായ കാരണങ്ങളാൽ' മെഡിക്കൽ പരിശോധന നിരസിച്ചുവെന്ന് കന്നഡ ചാനൽ പബ്ലിക് ടിവിയിൽ വാർത്ത വന്നു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ആൾട്ട് ന്യൂസ് ആണ് പിന്നീട് പുറത്ത് കൊണ്ടുവന്നത്. സ്ഥലത്തുള്ള പ്രദേശവാസികളാരോ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാനൽ റിപ്പോർട്ടർ തയ്യാറാക്കിയ വാർത്തമാത്രമായിരുന്നു അതെന്ന് കണ്ടെത്തുകയും ചെയ്തു. തബ്‍ലീഗ്ജ മാഅത്ത് സമ്മേളനം വിവാദമായതിന് പിന്നാലെയാണ് കോവിഡിനെച്ചൊല്ലി സോഷ്യൽമീഡിയയിൽ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ നടന്നതെന്നാണ് ഫാക്ട് ചെക്ക് സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16

