Quantcast

ഒഡീഷയിൽ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നത് പരിചയക്കാർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഒഡീഷയിലെ ബാലസോർ ജില്ലയിൽ ജനുവരി 14 നാണ് 35 കാരനായ മകന്ദർ മുഹമ്മദിനെ ആൾക്കൂട്ടം അടിച്ചുകൊന്നത്

MediaOne Logo
ഒഡീഷയിൽ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നത് പരിചയക്കാർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
X

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ ജനുവരി 14-ന് ആൾക്കൂട്ടം തല്ലിക്കൊന്ന 35 വയസുകാരനായ മകന്ദർ മുഹമ്മദിന് സംഭവിച്ചത് ദൗർഭാഗ്യകരമായ വിധിയെന്ന് സഹോദരൻ. 'എന്റെ കസിൻ ആയ മകന്ദർ ഒരു മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു. മകരസംക്രാന്തി ദിവസം കന്നുകാലികളെ കൊണ്ടുപോവുന്ന ഒരു പ്രാദേശിക വാൻ ഡ്രൈവറെ സഹായിക്കാനാണ് അവൻ പോയത്. മറ്റാരെയും അന്ന് ലഭ്യമായിരുന്നില്ല. ഡ്രൈവർ സഹായം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് സമ്മതിക്കുകയായിരുന്നു'- ജിതേന്ദർ മുഹമ്മദ് പറഞ്ഞു.

യാത്രയ്ക്കിടയിൽ വാൻ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. മുസ്‌ലിമായതുകൊണ്ടാണ് മകന്ദർ ആക്രമിക്കപ്പെട്ടത്. മകന്ദറിന് അറിയാവുന്നവരും തിരിച്ചറിയാൻ കഴിയുന്നവരുമാണ് ആക്രമിച്ചത്. ജോലിക്ക് പോകുമ്പോൾ അവർ പതിവായി അദ്ദേഹത്തെ കാണാറുള്ളതാണെന്നും ജിതേന്ദ്രർ മുഹമ്മദ് കൂട്ടിച്ചേർത്തു.

ജനുവരി 14-ന് പുലർച്ചെ ബാലസോറിലെ ജയദേവ കസ്ബ പ്രദേശത്ത് നിന്ന് കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ തടഞ്ഞാണ് ഒരു സംഘം ക്രൂരമായ കൊലപാതകം നടത്തിയത്. ബാലസോർ സദർ ബ്ലോക്കിലെ അസ്തിയ ഗ്രാമവാസിയായ മകന്ദറിനെയും വാൻ ഡ്രൈവറെയും സംഘം അതിക്രൂരമായി മർദിച്ചു. ഇരുവരെയും ബാലസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മകന്ദർ മരണത്തിന് കീഴടങ്ങി. മകന്ദറിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.



ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വൈറലായ ഒരു വീഡിയോയിൽ, മർദനമേറ്റ് അബോധാവസ്ഥയിലായ മകന്ദർ മുഹമ്മദ്് നിലത്ത് വീണുകിടക്കുന്നതും, തടിച്ച തടിക്കഷണങ്ങളുമായി ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ വളയുന്നതും കാണാം. മകന്ദറിനെ വടികൊണ്ട് അടിക്കുകയും 'ജയ് ശ്രീറാം', 'ഗോമാതാവ് എന്റെ അമ്മയാണ്' എന്നിങ്ങനെ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. ക്രൂരമായ മർദനത്തെ തുടർന്ന് മകന്ദർ ഈ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്.

ആക്രമണത്തെ കുറിച്ച് മിണ്ടാതെ ആദ്യ എഫ്‌ഐആർ

സംഭവത്തിന് ശേഷം ഒരു സബ് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലസോറിലെ സദർ പോലീസ് സ്റ്റേഷനിൽ ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കന്നുകാലികളെ കയറ്റിയ പിക്കപ്പ് വാൻ അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നത്. പൊലീസ് എത്തുമ്പോഴേക്കും ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും സംഭവസ്ഥലത്ത് ഒരു പശുവിനെ കണ്ടെത്തിയതായും ഇതിൽ പറയുന്നു.

ഈ എഫ്‌ഐആറിൽ മർദനത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ലായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, ഒഡീഷ പശുക്കശാപ്പ് നിരോധന നിയമം, ഭാരതീയ ന്യായ സംഹിത (BNS) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം വാൻ ഡ്രൈവർക്കും ഉടമയ്ക്കുമെതിരെയാണ് കേസെടുത്തത്.

ഇതിന് പിന്നാലെ കൊല്ലപ്പെട്ട മകന്ദറിന്റെ കസിൻ ജിതേന്ദർ മുഹമ്മദ് ജനുവരി 14 വൈകുന്നേരം മറ്റൊരു പരാതി നൽകി. അഞ്ചുപേർ ചേർന്ന് വാൻ തടയുകയും തന്റെ സഹോദരനെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഎൻഎസ് സെക്ഷൻ 103 (2) പ്രകാരം കൊലപാതകത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

തന്റെ സഹോദരനെ ചീത്ത വിളിക്കുകയും അരിവാൾ പോലുള്ള മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയും ചെയ്‌തെന്ന് ജിതേന്ദർ പരാതിയിൽ വ്യക്തമാക്കുന്നു. ബാപ്പു നന്ന, പവൻ, പിന്റു, നേപ്പാളി, ചിനു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പേരെടുത്ത് പറയുന്നുണ്ട്. ''സഹോദരനെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പൊലീസ് ഞങ്ങളെ വിവരം അറിയിച്ചത്. അവിടെ വെച്ച് ഞാൻ അവനെ കണ്ടു സംസാരിച്ചു. അവന് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല, 10-15 മിനിറ്റിനുള്ളിൽ അവൻ മരിച്ചു. അവന്റെ തലയിലും കൈകാലുകളിലും മുഖത്തുമടക്കം ശരീരത്തിലുടനീളം വലിയ മുറിവുകളുണ്ടായിരുന്നു. അഞ്ച്- എട്ട് പേർ അടങ്ങുന്ന സംഘം തങ്ങളുടെ വാൻ തടഞ്ഞു മർദ്ദിക്കുകയായിരുന്നുവെന്ന് അവൻ എന്നോട് പറഞ്ഞു''- ജിതേന്ദർ ആൾട്ട് ന്യൂസിനോട് പറഞ്ഞു.

മകന്ദറിന്റെ മറ്റൊരു കസിൻ അഹ്‌സൻ മുഹമ്മദ് പ്രതികളെ മകന്ദറിന് നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് പറഞ്ഞത്. അവർ തമ്മിൽ സംസാരിക്കാറില്ലായിരുന്നുവെങ്കിലും പരസ്പരം അറിയാമായിരുന്നു. അവർ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള ഗോരക്ഷ സംഘത്തിൽപ്പെട്ടവരായിരുന്നു എന്നും അഹ്‌സൻ പറഞ്ഞു. മകന്ദറിനെ വടികളും ദണ്ഡുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഹ്‌സൻ ആൾട്ട് ന്യൂസിന് കൈമാറി.

ആക്രമണം വർഗീയ പ്രേരിതമാണോ എന്ന ചോദ്യത്തിന്, അത് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് ബാലസോർ എസ്പി പ്രത്യുഷ് ദിവാകർ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ മൂന്നുപേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചിൻമയ് കുമാർ എന്ന ചിനു (29), സാഗർ മൊഹാലിക് എന്ന ചന്ദു (22), അനാദി മൊഹാലിക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുണ്ടാവുമെന്നും എസ്പി പറഞ്ഞു. ആദ്യ എഫ്‌ഐആറിൽ മർദനത്തെക്കുറിച്ച് പരാമർശിക്കാത്തത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ബജ്റംഗ്ദൾ ബന്ധം

അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ജനുവരി 16-ന് ബജ്റംഗ്ദൾ പ്രവർത്തകർ ബാലസോർ എസ്പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തങ്ങളുടെ ഗോരക്ഷാ സംഘത്തിന്റെ തലവൻ പവൻ ഭായിയെയും കൂട്ടാളികളെയും തെളിവുകളില്ലാതെയാണ് പൊലീസ് പിടികൂടിയതെന്ന് അവർ ആരോപിച്ചു. വാൻ മറിഞ്ഞാണ് മുസ്‌ലിം യുവാവ് മരിച്ചതെന്നും പവൻ ഭായിയെ പൊലീസ് അനാവശ്യമായാണ് കൊണ്ടുപോയതെന്നും ബജ്റംഗ്ദൾ ബാലസോറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നുണ്ട്.

TAGS :

Next Story