Quantcast

ത്രിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് മണിക് സര്‍ക്കാര്‍

ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ആശിഷ് കുമാർ സാഹയാണ് ഇവിടുത്തെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി

MediaOne Logo

Web Desk

  • Published:

    9 April 2024 5:27 AM GMT

Manik Sarkar
X

മണിക് സര്‍ക്കാര്‍

അഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍. ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ആശിഷ് കുമാർ സാഹയാണ് ഇവിടുത്തെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി. ഈസ്റ്റില്‍ സി.പി.എമ്മിന്‍റെ രാജേന്ദ്ര റിയാങ്ങും.

''നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ഡൽഹിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ നമുക്ക് ത്രിപുരയെ രക്ഷിക്കാനാവില്ല. ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ ഇന്‍ഡ്യ മുന്നണി സ്ഥാനാർഥി ആശിഷ് കുമാർ സാഹയ്ക്ക് കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അനുഭാവികളോടും ഞാൻ അഭ്യർത്ഥിക്കുന്നു'' മണിക് സര്‍ക്കാര്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. സി.പി.എം ചിഹ്നത്തില്‍ വോട്ട് ചെയ്യുന്നതു പോലെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ഒരു മടിയും വേണ്ട. അവസരം നഷ്ടമായാൽ സമൂഹത്തിൽ നിന്ന് അകന്നുപോകും. ബി.ജെ.പിയെ തോൽപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നതാണ് കാലത്തിൻ്റെ ആവശ്യമെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു.

ത്രിപുര ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അനുഭാവികളും സി.പി.എമ്മിന് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട സർക്കാർ, ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി ആശിഷ് കുമാർ സാഹയ്ക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർഥിക്കുന്ന ഒരു ബുക്ക്‌ലെറ്റ് സി.പി.എം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ബുക്ക്‌ലെറ്റിൻ്റെ വിതരണം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും സി.പി.എം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സഖാക്കള്‍ക്ക് അതു കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്‍ഡ്യ മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ കൂപ്പുകൈകളോടെ വോട്ടർമാരിലേക്ക് എത്തുക'' മണിക് സര്‍ക്കാര്‍ പറഞ്ഞു.

TAGS :

Next Story