Quantcast

''അവരുടെ തല അടിച്ചുപൊട്ടിക്കണം''; ബിജെപി വിരുദ്ധ കര്‍ഷക മാര്‍ച്ച് നേരിടാൻ പൊലീസിന് നിർദേശം

ഹരിയാനയിൽ പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിനെതിരെ നടന്ന കർഷക മാർച്ചിൽ പങ്കെടുത്തവരുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കാനായിരുന്നു കർണൽ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹ പൊലീസിന് നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Published:

    28 Aug 2021 4:38 PM GMT

അവരുടെ തല അടിച്ചുപൊട്ടിക്കണം; ബിജെപി വിരുദ്ധ കര്‍ഷക മാര്‍ച്ച് നേരിടാൻ പൊലീസിന് നിർദേശം
X

ഹരിയാനയിൽ ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കർഷകരുടെ തല അടിച്ചുപൊട്ടിക്കാൻ ഉന്നതവൃത്തം പൊലീസുകാർക്ക് നിര്‍ദേശം നല്കുന്നതിന്‍റെ വിഡിയോ പുറത്ത്. കർണൽ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ്(എസ്ഡിഎം) ആയുഷ് സിൻഹയാണ് കർഷകരെ കായികമായി നേരിടാൻ പൊലീസിന് നിർദേശം നൽകിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇന്ന് കർണലിൽ നടന്ന ബിജെപി യോഗത്തിനെതിരെ നടന്ന കർഷക മാർച്ചിനെ പൊലീസ് ശക്തമായാണ് നേരിട്ടത്. യോഗസ്ഥലത്തേക്ക് നടന്ന മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പത്ത് കർഷകർക്ക് പരിക്കേറ്റു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, സംസ്ഥാന ബിജെപി അധ്യക്ഷൻ ഓം പ്രകാശ് ധൻക്കർ തുടങ്ങിയ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുത്തത്.

കാര്യം വളരെ വ്യക്തവും ലളിതവുമാണ്. ആരായാലും എവിടെനിന്നു വന്നവരായാലും ഒരുത്തനെയും യോഗസ്ഥലത്ത് എത്താൻ അനുവദിക്കരുത്. ഇത് ലംഘിക്കാൻ എന്തു വിലകൊടുത്തും അനുവദിക്കില്ല. ശക്തമായി തന്നെ അവരെ ലാത്തികൊണ്ട് അടിക്കുക. ഒരു നിർദേശത്തിനും കാത്തിരിക്കേണ്ട. നന്നായി തന്നെ പെരുമാറുക. ഏതെങ്കിലും സമരക്കാരൻ ഇവിടെയെത്തിയിട്ടുണ്ടെങ്കിൽ അവന്റെ തല അടിച്ചുപൊട്ടിച്ചിരിക്കണം-വിഡിയോയിൽ സിൻഹ പൊലീസുകാർക്ക് നിർദേശം നൽകുന്നത് വ്യക്തമാണ്.

കർണലിൽ നടന്ന പൊലീസ് നടപടിയുടെ വാർത്ത പുറത്തെത്തിയതോടെ കർഷകരോഷം ശക്തമായിരിക്കുകയാണ്. മറ്റു ജില്ലകളിലും വലിയ തോതിൽ കർഷകർ തടിച്ചുകൂടി ദേശീയ-സംസ്ഥാനപാതകൾ ഉപരോധിച്ചു. ഇതേതുടർന്ന് ഡൽഹി, ചണ്ഡിഗഢ് അടക്കമുള്ള സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

കർഷകരെ അടിച്ചുപരിക്കേൽപ്പിക്കാൻ നിർദേശിച്ച പൊലീസ് തലവനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുകയാണ്. സംഭവത്തെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അപലപിച്ചു. ഹരിയാന പൊലീസിന്റെ യഥാർത്ഥ മുഖമാണ് ഇതു കാണിച്ചതെന്ന് സ്വരാജ് ഇന്ത്യ തലവനും സംയുക്ത കിസാൻ മോർച്ച നേതാവുമായ യോഗേന്ദ്ര യാദവ് പ്രതികരിച്ചു. ബിജെപി എംപി വരുൺ ഗാന്ധിയും ആയുഷ് സിൻഹയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു.

TAGS :

Next Story