'ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകില്ല': വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്
കൂടിയാലോചനയിൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നെന്ന് പൊലീസ്

ചെന്നൈ: ഡിസംബര്‍ അഞ്ചിന് പുതുച്ചേരിയില്‍ നടത്താനിരുന്ന വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലീസ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജയ് യുടെ പരിപാടിക്ക് തടിച്ചുകൂടുന്ന ആളുകളെ നിയന്ത്രിക്കാനാകില്ലെന്നും തമിഴക വെട്രി കഴകത്തിന്റെ സമ്മേളനം തുറസ്സായ ഒരിടത്തേക്ക് മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മേഖലയിലേക്ക് തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനായി പാര്‍ട്ടി കരുനീക്കങ്ങള്‍ നടത്തുന്നതിന് പിന്നാലെയാണ് പൊലീസ് ഇടപെടല്‍.
മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയില്‍ അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു ഇതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പുതുച്ചേരിയിലെ ചെറിയ റോഡുകളില്‍ ഷോ സംഘടിപ്പിച്ചാല്‍ സ്വാഭാവികമായും തിങ്ങിനിറയും. വിജയ്‌യുടെ ഷോ സംഘടിപ്പിക്കുകയാണെങ്കില്‍ പല സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത് അസാധ്യമാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുത്തന്‍ ചലനമായ വിജയ്‌യുടെ പാര്‍ട്ടിയുടെ നിര്‍ണായകമായ ഒരു തീരുമാനമായിരുന്നു പുതുച്ചേരിയിലേക്കുള്ള കടന്നുവരവ്. നിലവില്‍ ബിജെപി സഖ്യമാണ് പുതുച്ചേരിയില്‍. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പരിപാടിയില്‍ സുരക്ഷ ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ ഒക്ടോബറിലെ പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ 41 ജീവനുകള്‍ പൊലിഞ്ഞിരുന്നു. സമീപകാലത്ത് നടന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ച പരിപാടികളിലെ അപകടങ്ങളില്‍ ഏറ്റവും ഭീകരമായിരുന്നു കരൂര്‍ ദുരന്തം. പുതുച്ചേരിയിലെ പരിപാടിയില്‍ പൊലീസ് അനുമതി നിഷേധിച്ചതോടെ ടിവികെ മറ്റ് വഴികള്‍ തേടേണ്ടിവരും.
Adjust Story Font
16

