Quantcast

'വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കൾ'; പ്രസ്താവനക്ക് പിന്നാലെ കജോളിനെതിരെ സംഘ്പരിവാർ സൈബറാക്രമണം

കജോൾ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല. എന്നിട്ടും ഒരുപാട് ഭക്തർ നടിയുടെ പരാമർശം തങ്ങളുടെ നേതാവിനെ അപമാനിക്കലായാണ് കണ്ടതെന്ന് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ പരിഹസിച്ചു.

MediaOne Logo

Web Desk

  • Published:

    8 July 2023 2:16 PM GMT

Cyber attack against kajol her remarks on uneducated leaders
X

ന്യൂഡൽഹി: വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിനെതിരെ സംഘ്പരിവാർ സൈബറാക്രമണം. കാജൾ ഒരു നേതാവിന്റെയും പേര് പരാമർശിച്ചില്ലെങ്കിലും സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്.

കജോൾ സ്‌കൂൾ വിദ്യാഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ആക്ഷേപിച്ച് ഹിന്ദുത്വ പ്രൊഫൈലുകൾ രംഗത്തെത്തി. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർക്കൊപ്പമുള്ള കജോളിന്റെ ഫോട്ടോകൾ ട്വീറ്റ് ചെയ്ത് വർഗീയപ്രചാരണത്തിനുള്ള നീക്കവും നടക്കുന്നുണ്ട്.

അതേസമയം കജോൾ ഒരാളുടെയും പേര് പറയാതിരുന്നിട്ടും അത് മോദിയെക്കുറിച്ചാണെന്ന് എങ്ങനെ മനസ്സിലായെന്ന പരിഹസിക്കുന്ന ട്രോളുകൾ പലരും ട്വീറ്റ് ചെയ്യുന്നുണ്ട്. അവർ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല പക്ഷേ ഒരുപാട് ഭക്തർ ഈ പ്രസ്താവന അവരുടെ പ്രിയപ്പെട്ട നേതാവിനെ അപമാനിക്കലായാണ് സ്വീകരിച്ചതെന്ന് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.

തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കജോൾ രംഗത്തെത്തി. ''വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം പറയുകയായിരുന്നു. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ നമുക്കുണ്ട്'' - കജോൾ ട്വീറ്റ് ചെയ്തു.


TAGS :

Next Story